'നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതിയിൽ പൊതു ആവശ്യത്തിന് വയല്‍ നികത്താനുളള വ്യവസ്ഥയില്ല'
text_fieldsതിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമത്തില്‍ പൊതു ആവശ്യത്തിന് വയല്‍ നികത്താനുളള വ്യവസ്ഥ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്ന് വ്യാഖ്യാനിച്ച് ഒരു മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ടോറസ് ഗ്രൂപ്പിന് ടെക്നോപാര്‍ക്കില്‍ വ്യവസായം തുടങ്ങുന്നതിന് അഞ്ചുവര്‍ഷം മുമ്പ് ഭൂമി അനുവദിച്ചിട്ടും അത് പരിവര്‍ത്തനം ചെയ്യാന്‍ അനുമതി ലഭിക്കാത്തതുകാരണം പദ്ധതി തടസ്സപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാണിച്ചത്. ടെക്നോപാര്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലയില്‍ വരുന്നതുകൊണ്ട് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയില്‍ പെട്ടതാണെങ്കിലും ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ഡാറ്റബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയ സ്ഥലം പൊതു ആവശ്യത്തിനാണെങ്കില്‍ പോലും പരിവര്‍ത്തനം ചെയ്യുന്നതിന് നിയമതടസ്സമുണ്ടായിരുന്നു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് 2017-ല്‍ ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം 2018 ഫെബ്രുവരി 3-നാണ് ടോറന്‍സ് ഗ്രൂപ്പിന് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് അനുമതി നല്‍കിയത്. 2017 ഡിസംബര്‍ 30-ന് പ്രാബല്യത്തില്‍ വന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഈ ഭേദഗതി ഇല്ലായിരുന്നുവെങ്കില്‍ പതിനയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി നഷ്ടപ്പെടുമായിരുന്നു എന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം മറച്ചുവെച്ചോ മനസ്സിലാക്കാതെയോ ആണ് പ്രസ്തുത വാര്‍ത്ത ഒരു മാധ്യമം പ്രസിദ്ധീകരിച്ചത്.
ഈ വാര്‍ത്തയില്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒ.വിനെ പത്രം ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് പത്രത്തില്‍ വന്നതെന്ന് സി.ഇ.ഒ വിശദീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.