പഹൽഗാം ഭീകരാക്രമണം: സുരക്ഷ വീഴ്ചക്ക് കേന്ദ്രം മറുപടി പറയണം - സോളിഡാരിറ്റി
text_fieldsകോഴിക്കോട്: ഭീകരവാദം ഇല്ലായ്മ ചെയ്തു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അവകാശപ്പെട്ട കശ്മീരിൽ 26 നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാനിടയായ സുരക്ഷ വീഴ്ചക്ക് കേന്ദ്ര സർക്കാർ മറുപടി പറയണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്.
സുരക്ഷ വീഴ്ചയുടെ പേരിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും സർക്കാറിനെയും രൂക്ഷമായി വിമർശിച്ചയാളാണ് മോദി. ഇപ്പോൾ ഭരണകൂടത്തിൻ്റെ സുരക്ഷ വീഴ്ച ചൂണ്ടിക്കാണിക്കുന്നവരെ രാജ്യദ്രോഹിയാക്കാൻ മത്സരിക്കുകയാണ്. കേന്ദ്ര സർക്കാറിൻ്റെ ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ച പ്രകടമാണ്. മോദി അധികാരത്തിലെത്തിയ ശേഷം ഡസൻ കണക്കിന് ഭീകരാക്രമണങ്ങൾ കശ്മീരിലുണ്ടായി. ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ സാധ്യമായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുരന്തത്തിൻ്റെ ആഘാതം വിട്ടുമാറും മുമ്പേ മോദി ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാൻ പോയത് പ്രതിഷേധാർഹമായ നടപടിയാണ്. ഭീകരാക്രമണം നടത്തിയവരെ ഇനിയും പിടികൂടാൻ കഴിയാത്ത ഭരണകൂടവും അതിന് വ്യാജം ചമക്കുന്ന സംഘ്പരിവാറും കിട്ടിയ അവസരമുപയോഗിച്ച് പരമാവധി മുസ്‌ലിം വിദ്വേഷം കത്തിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. മുസ്‌ലിം അപരവൽക്കണത്തിന് ഗതിവേഗം പകരുകയാണ് സംഭവം.
സംഭവത്തിൽ പങ്കുണ്ടെന്നാരോപിച്ച് കശ്മീരിൽ വീട് തകർത്ത സംഭവവും ആഗ്രയിൽ ഒരാളെ വെടിവെച്ച് കൊന്ന സംഭവവുമുണ്ടായി. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റിയിലെ കാശ്മീരി വിദ്യാർഥികളെ നാടുകടത്താനുള്ള ശ്രമങ്ങളും നടക്കുന്നു. സമൂഹ മാധ്യമങ്ങൾ വഴി വംശീയ വിദ്വേഷം പരന്നൊഴുകുന്നത് ഭരണകൂടം നോക്കി നിൽക്കുകയാണ്. സൗഹാർദപരമായ അന്തരീക്ഷത്തിനുവേണ്ടി എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.