പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന്‍റെ ഭൗതികശരീരം കൊച്ചിയിലെത്തിച്ചു
text_fieldsപഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയശേഷം മന്ത്രി പി. പ്രസാദ് ആദരാഞ്ജലിയർപ്പിക്കുന്നു
കൊച്ചി/നെടുമ്പാശ്ശേരി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി മങ്ങാട്ട് റോഡ് നീരാഞ്ജനം വീട്ടിൽ എൻ. രാമചന്ദ്രന്‍റെ (65) ഭൗതികശരീരം കൊച്ചിയിലെത്തിച്ചു. ബുധനാഴ്ച രാവിലെ 11.30ന് ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്ക് വിമാനമാർഗം എത്തിച്ച ശേഷം വൈകീട്ട് മൂന്നരയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ ഷീല രാമചന്ദ്രൻ, മകൾ ആരതി ആർ. മേനോൻ, ആരതിയുടെ മക്കളായ കേദാർ എസ്. മേനോൻ, ദുർപത് എസ്. മേനോൻ എന്നിവർ വിമാനത്തിൽ മൃതദേഹത്തെ അനുഗമിച്ചു. രാത്രി എട്ടോടെ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി പി. പ്രസാദിന്‍റെയും എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷിന്‍റെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി പി. പ്രസാദ് പുഷ്പചക്രം അർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ അൻവർ സാദത്ത്, ആന്‍റണി ജോൺ, ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു.
മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതുവരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. 9.30ന് മങ്ങാട്ട് റോഡിലെ വീട്ടിൽ എത്തിക്കും. ചടങ്ങുകൾക്കുശേഷം 11.30ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്കരിക്കും. അദ്ദേഹത്തിന്‍റെ സഹോദരൻ അമേരിക്കയിൽനിന്ന് എത്തേണ്ടതിനാൽ മൃതദേഹം വ്യാഴാഴ്ച റിനൈ ആശുപത്രിയിൽ സൂക്ഷിക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. ഇടപ്പള്ളി സ്രാമ്പിക്കൽ വീട്ടിൽ പരേതനായ നാരായണ മേനോന്‍റെയും ഭവാനിയുടെയും മകനാണ് രാമചന്ദ്രൻ. മകൻ അരവിന്ദ് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
തിങ്കളാഴ്ച രാവിലെയാണ് ഭാര്യ ഷീല, മകൾ ആരതി, മകളുടെ രണ്ട് കുട്ടികൾ എന്നിവർക്കൊപ്പം രാമചന്ദ്രൻ ഹൈദരാബാദ് വഴി കശ്മീരിലേക്ക് യാത്ര തിരിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ആരതി മക്കളുമൊത്ത് നാട്ടിലെത്തിയതായിരുന്നു. അവധി ദിവസങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കശ്മീരിലേക്ക് വിനോദയാത്ര പോകാൻ അവർ തീരുമാനിക്കുകയായിരുന്നു. ശ്രീനഗറിലെത്തിയ രാമചന്ദ്രനും കുടുംബവും അവിടെനിന്ന് പഹൽഗാമിലേക്ക് പോകുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഭാര്യ ഷീല വാഹനത്തിൽ തുടർന്നു. പേരക്കുട്ടികളും മകളുമൊത്ത് രാമചന്ദ്രൻ ബൈസരൻ താഴ്വരയിലേക്ക് പോയി. അപ്പോഴാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ അച്ഛന് ജീവൻ നഷ്ടമായ വിവരം ആരതിയാണ് നാട്ടിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.
സംഭവമറിഞ്ഞതുമുതൽ ഇടപ്പള്ളിയിലെ രാമചന്ദ്രന്‍റെ വസതിയിലേക്ക് രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി വ്യക്തിത്വങ്ങളും അയൽവാസികളും ബന്ധുക്കളും എത്തിച്ചേരുന്നുണ്ട്. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകനായിരുന്ന രാമചന്ദ്രൻ ദീർഘകാലം ഗൾഫിലായിരുന്നു. തിരികെ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. മരുമക്കൾ: ശരത്, വിനീത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.