‘വാക്കാൽ പാട്ടം’ വ്യാപകം; അട്ടപ്പാടിയിൽ മൂപ്പിൽ നായരുടെ ഭൂമിയിൽ അനധികൃത കൈമാറ്റമെന്ന് റിപ്പോർട്ട്
text_fieldsപാലക്കാട്: മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിലെ 300 ഏക്കറിലധികം ഭൂമി ‘വാക്കാൽ പാട്ടം’ പോലെ അനധികൃത കൈമാറ്റം മുഖേന തണ്ടപ്പേർ പിടിച്ച് കരം അടച്ചുവരുന്നതായി റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഇത്തരത്തിൽ ഭൂമിക്ക് കരമടച്ച രസീതിന്റെ പകർപ്പ് ഹാജരാക്കുന്ന വ്യക്തികളുടെ പേരിൽ പോക്കുവരവ് ചെയ്ത് തണ്ടപ്പേർ അനുവദിച്ചത് റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും ഇവരുടെ പങ്ക് സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. കൃത്യവിലോപം കണ്ടെത്തിയാൽ അച്ചടക്കനടപടി സ്വീകരിക്കണം. നികുതി രസീതിന്റെ പകർപ്പുകളുടെ മാത്രം അടിസ്ഥാനത്തിൽ പുതിയ തണ്ടപ്പേരുകൾ അനുവദിച്ച ഭൂമിയുടെ വിശദാംശങ്ങളടങ്ങിയ ലിസ്റ്റും സമർപ്പിക്കണമെന്ന് അട്ടപ്പാടി സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ റവന്യൂ സെക്രട്ടറി ചൂണ്ടിക്കാട്ടി.
കോട്ടത്തറ വില്ലേജിൽ മണ്ണാർക്കാട് മൂപ്പിൽ നായരിൽനിന്ന് വാക്കാൽ പാട്ടത്തിനോ, എം.ആർ. രസീത് എന്ന പേരിൽ അറിയപ്പെടുന്ന പാട്ടശീട്ട് വഴിയോ ലഭിച്ച ആധാരങ്ങളേറെയാണ്. മൂപ്പിൽ നായരിൽനിന്ന് ‘വാക്കാൽ പാട്ടത്തിന് ഏറ്റുവാങ്ങിയത്’ എന്ന വാചകം അടിസ്ഥാന പ്രമാണത്തിന് പകരമായി എഴുതിയ സകല വസ്തു കൈമാറ്റങ്ങൾക്കും നിയമസാധുത കാണുന്നില്ലെന്ന് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (ആദിവാസി ഭൂസംരക്ഷണം) കെ. ഇന്ദിര 2011 മാർച്ച് 16ന് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. അട്ടപ്പാടിയിൽ കൈവശാവകാശ രേഖകൾ ലഭ്യമല്ലാത്ത ഭൂമിയിൽ ആധാര രജിസ്ട്രേഷൻ നടത്താനും ക്രയസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാനും (ലാൻഡ് ട്രൈബ്യൂണൽ പട്ടയം) റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമവിരുദ്ധരീതിയിൽ അവകാശരേഖകൾ ഉണ്ടാക്കുന്നത് വ്യാപകമാണ്.
ഭൂമാഫിയക്കായി ലാൻഡ് ബോർഡ് നിർദേശങ്ങളും ഭൂപരിഷ്കരണ വ്യവസ്ഥകളും വ്യാപകമായി ലംഘിക്കപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പാലം സബ് കലക്ടറുടെ നിർദേശപ്രകാരം ഇക്കാര്യം അന്വേഷിച്ച ഇപ്പോഴത്തെ പാലക്കാട്ടെ ഭൂപരിഷ്കരണ ഡെപ്യൂട്ടി കലക്ടർ എസ്. ശ്രീജിത്ത് സമർപ്പിച്ച റിപ്പോർട്ടിലും സമാന ക്രമക്കേടുകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂപ്പിൽ നായർ കുടുംബത്തിലെ അവകാശികളെന്നവകാശപ്പെട്ട് കോട്ടത്തറ വില്ലേജ് ഓഫിസറുടെ നിരവധി സാക്ഷ്യപത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ 244 ആധാരങ്ങളിലായി 578 ഏക്കർ ഭൂമിയാണ് അഗളി സബ് രജിസ്ട്രാർ ഓഫിസിൽ സമീപകാലത്ത് രജിസ്റ്റർ ചെയ്തത്.
ഇത്രയും ഭൂവിസ്തൃതിയിലുള്ള ഭൂമിക്കു മേലുള്ള മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബത്തിന്റെ അവകാശവാദം നിലനിൽക്കില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാൾ വിലയിരുത്തിയിരുന്നു. അവകാശരേഖകളില്ലാത്ത ഭൂമിക്ക് ആദ്യം ഭൂനികുതി സ്വീകരിക്കുക, തുടർന്ന് പട്ടയം ബുക്ക് ചെയ്യിപ്പിക്കുക, പിന്നീട് ലാൻഡ് ട്രൈബ്യൂണൽ അധികൃതരെ സ്വാധീനിക്കുക തുടങ്ങിയവയിലൂടെയാണ് ക്രമവിരുദ്ധരീതിയിൽ അവകാശരേഖകൾ സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ പട്ടയം നൽകുന്ന ഫയലുകളിലെ മിക്ക രേഖകളും ലാൻഡ് ബോർഡ് വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

