ദഫിന്റെ താളത്തിൽ മാവേലി; നബിദിനവും തിരുവോണവും ഒരുമിച്ചാഘോഷിച്ച് പാലക്കാട്
text_fieldsപാലക്കാട് യാക്കര മുറിക്കാവിൽ ഓണാഘോഷവും നബിദിനാഘോഷവും ഒന്നിച്ച്
നടത്തിയപ്പോൾ
പാലക്കാട്: സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള എല്ലാ വേലികളും നിരർഥകമെന്നോതി മാവേലിക്ക് നബിദിനാഘോഷത്തിലേക്ക് ഹൃദ്യമായ വരവേൽപ്. ദഫിന്റെ താളത്തിൽ നബിസ്നേഹത്തിന്റെ മർമരങ്ങളുമായി കൂടിനിന്നവരിലേക്ക് ഓണത്തിന്റെ സാഹോദര്യവർണങ്ങൾ വിതറി മാവേലി ചേർന്നുനിന്നു.
നബിദിനാഘോഷവും ഓണാഘോഷവും സംഗമിച്ചപ്പോൾ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ ഐക്യ കാഹളത്തിന് പാലക്കാട് യാക്കര സാക്ഷ്യംവഹിച്ചു. യാക്കര മുറിക്കാവിലാണ് നബിദിനവും തിരുവോണവും ഒരുമിച്ച് ആഘോഷിച്ചത്. കൃഷ്ണപിള്ള സ്മാരക വായനശാലയും മുറിക്കാവ് ജുമുഅത്ത് പള്ളിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മദ്റസ വിദ്യാർഥികൾ ദഫ്മുട്ടിന്റെ താളത്തിൽ മാവേലിയെ എതിരേറ്റപ്പോൾ ചെണ്ടമേളവും ആഘോഷത്തിന് അകമ്പടിയായി.
എല്ലാ വർഷവും നടത്തുന്ന ആഘോഷത്തിലാണ് ഇത്തവണ പുതുമ നിറഞ്ഞത്. പള്ളിയിലെ ഉസ്താദ് ഉൾപ്പെടെയുള്ള സംഘാടകരും മതസൗഹാർദ റാലിയിൽ അണിനിരന്നു. ഇതുപോലൊരു കാഴ്ച മുമ്പ് കണ്ടിട്ടില്ലെന്ന് മാവേലിയായി എത്തിയ ഹരിപ്പാട് സ്വദേശി ദാസ് കലാശാല പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി മാവേലിയായി ദാസ് പാലക്കാട്ടെത്താറുണ്ട്. വ്യത്യസ്തമായ ആഘോഷം നാട്ടുകാർക്കും ആവേശമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.