പാലക്കാട്ട് കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ
text_fieldsപാലക്കാട്: കെ.പി.സി.സി വിചാർ വിഭാഗ് പാലക്കാട് ജില്ല ചെയർമാൻ വി.ആർ. മോഹൻദാസ് ബി.ജെ.പിയിൽ ചേർന്നു.
ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ അംഗത്വം നൽകി. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് മോഹൻദാസ് പറഞ്ഞു.
പത്രിക സമർപ്പണം ഇന്നുകൂടി
തിരുവനന്തപുരം: വയനാട്,പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്ക് അടുത്ത മാസം 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച.
പത്രികകളുടെ സൂക്ഷ്മപരിശോധന തിങ്കളാഴ്ചയും പിൻവലിക്കാനുള്ള അവസാന തീയതി ബുധനാഴ്ചയുമാണ്. പ്രധാന മുന്നണി സ്ഥാനാർഥികൾ പത്രിക സമർപ്പണം പൂർത്തിയാക്കി.
പാലക്കാട്ട് ആവേശാരവമായി പത്രിക സമർപ്പണം
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ആവേശം വാരിവിതറി യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളുടെ നാമനിർദേശപത്രിക സമർപ്പണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാൻ വരണാധികാരിയായ ആർ.ഡി.ഒയുടെ ഓഫിസിലെത്തിയത്. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽനിന്ന് പ്രവർത്തകരോടൊപ്പം കാൽനടയായാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ എത്തിയത്. രക്തഹാരമണിഞ്ഞ സരിനൊപ്പം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്, ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, മുൻ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, കെ. ശാന്തകുമാരി എം.എൽ.എ, മുൻ എം.എൽ.എ ടി.കെ. നൗഷാദ് എന്നിവർ റോഡ് ഷോയിൽ അണിചേർന്നു.
ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ് സരിന് കെട്ടിവെക്കാനുള്ള തുക നൽകിയത്. 11.30ഓടെ എൽ.ഡി.എഫ് സംഘം ആർ.ഡി.ഒ ഓഫിസിലെത്തി. അഞ്ചു മിനിറ്റ് കഴിഞ്ഞതും യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയെത്തി. മേലാമുറിയിൽനിന്ന് കൊട്ടും വാദ്യവുമായി ആഘോഷത്തോടെ റോഡ് ഷോ നടത്തിയാണ് യു.ഡി.എഫ് പത്രികസമർപ്പണത്തിന് എത്തിയത്. എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബെഹനാൻ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ, എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ റോഡ് ഷോയുടെ ഭാഗമായി. ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ, പി.വി. രാജേഷ്, സുമേഷ് അച്യുതൻ, കെ.സി. ജോസഫ് തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.
കെ. കരുണാകരന്‍റെ സ്മൃതികുടീരം സന്ദർശിക്കൽ തന്‍റെ ഉത്തരവാദിത്തമാണെന്ന് ഡോ. പി. സരിൻ പറഞ്ഞു. ‘നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുമുമ്പ് പോയിക്കാണാൻ അവരുടെ പാർട്ടിയിൽ ആളില്ലേ’ എന്നായിരുന്നു ഇതിന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മറുപടി. കെ. മുരളീധരനുമായി സംസാരിച്ചെന്നും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും രാഹുൽ പത്രിക സമർപ്പിച്ചശേഷം പറഞ്ഞു. രാഹുലിന്‍റെ അമ്മ ബീനയാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.