പാലക്കാട് രണ്ടുദിവസത്തിൽ പിടികൂടിയത് 17.057 കിലോ സ്വർണം; അഞ്ച് തൃശൂർ സ്വദേശികൾ അറസ്റ്റിൽ
text_fieldsപാലക്കാട്: വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയിൽ രണ്ടു ദിവസത്തിൽ പിടികൂടിയത് 17.057 കിലോ സ്വർണം. അഞ്ച് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ 5.30ന് ട്രെയിനിൽ കടത്തുകയായിരുന്ന 16 കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്. തൃശൂർ സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ചെന്നൈ ആലപ്പി എക്സ്പ്രസ് ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ ബി-2 കോച്ചിൽനിന്നാണ് സ്വർണം ലഭിച്ചത്. യാത്രക്കാരായ തൃശൂർ ഇടക്കുന്നി സ്വദേശി നിർമേഷ്, കരുമാത്ര സ്വദേശി ഹരികൃഷ്ണൻ, നെന്മക്കര സ്വദേശി ടുബിൻ ടോണി എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇവരുടെ ബാഗിനുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. 18 സ്വർണക്കട്ടികളിൽ 11 എണ്ണം സ്വിറ്റ്സർലൻഡ് നിർമിതമായ സ്വർണമാണ്. അനധികൃത മാർഗത്തിലൂടെ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെ 5.30ഓടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി പണം കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ ചെന്നൈ-ആലപ്പുഴ (02639) ട്രെയിനിൽ എസ്-3, എസ്-10 കോച്ചുകളിലെ ബർത്തിൽ സ്യൂട്ട്കെയ്സുകളിലും ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന 1.057 കിലോഗ്രാം ആഭരണങ്ങളും സ്വർണക്കട്ടികളും പിടിച്ചെടുത്തിരുന്നു.
തൃശൂർ മാടായിക്കോണം തളിയക്കോണം പാച്ചേരി പി.എസ്. മധു (51), കുരിയച്ചിറ കെ.ആർ.എം. ജോയ് (56) എന്നിവരാണ് റെയിൽവേ സംരക്ഷണ സേന കുറ്റാന്വേഷണവിഭാഗത്തിെൻറ പിടിയിലായത്. ഇതാദ്യമായാണ് ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണം ഇത്രയധികം ഒന്നിച്ചു പിടികൂടുന്നത്. സ്വർണക്കടത്തിനെ കുറിച്ചുള്ള വിശദമായ അന്വേഷണം കസ്റ്റംസ് ഏറ്റെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.