പാലത്തായി പീഡനക്കേസ്; ശിശുക്ഷേമ മന്ത്രിയുടെ തട്ടകത്തിലെ ക്രൂരതക്ക് ശിശുദിനത്തിൽ മറുപടി
text_fieldsകണ്ണൂർ: ശിശുക്ഷേമ മന്ത്രിയുടെ തട്ടകത്തിൽ നടന്ന കൊടുംക്രൂരതക്ക് ശിശുദിനനാളിൽ നൽകിയ മറുപടി കൂടിയാണ് പാലത്തായി കേസിലെ കോടതി വിധി. നാലാം ക്ലാസുകാരിയായ കുട്ടിക്ക് നേരെയുണ്ടായ ക്രൂരമായ പീഡനം എങ്ങനെ അട്ടിമറിക്കാമെന്ന പൊലീസ് കുബുദ്ധിക്ക് ലഭിച്ച മുഖത്തടിയുമാണ് തലശ്ശേരി പോക്സോ കോടതി വിധി.
2020 മാർച്ച് 17 നാണ് പാനൂർ പൊലീസ് പാലത്തായി പീഡനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ആർ.എസ്.എസുകാരനായ പ്രതി കൺമുന്നിലുണ്ടായിട്ടും പോക്സോ കേസിൽ അറസ്റ്റുണ്ടായില്ല. പ്രതി ഒളിവിലെന്നായിരുന്നു പാനൂർ പൊലീസിന്റെ പതിവ് മറുപടി. ജനകീയ പ്രക്ഷോഭങ്ങൾ ശക്തമായപ്പോൾ ഒരുമാസം തികയുന്നതിന് തലേന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. അന്നത്തെ ശിശുക്ഷേമ മന്ത്രി കെ.കെ. ശൈലജയുടെ സ്വന്തം മണ്ഡലത്തിലായിരുന്നു സംഭവം. മന്ത്രിയുടെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന വിമർശനമുയർന്നു. പൊലീസ് ഇടപെടലുകളിൽ സംശയം ശക്തമായി. പീഡന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽനിന്നുതന്നെ ഉയർന്നു. കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. പ്രതി റിമാൻഡിലായി 90 ദിവസം തികയുന്നതിന് തലേന്ന് കുറ്റപത്രം സമർപ്പിച്ചു.
പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ ഒഴിവാക്കി കുറ്റപത്രം നൽകിയതിനാൽ പ്രതിക്ക് ജാമ്യം കിട്ടി. ഇതേക്കുറിച്ച് വിവാദം ഉയർന്നപ്പോൾ ഇടക്കാല കുറ്റപത്രമെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ മറുപടി. വീണ്ടും വിവാദ പെരുമഴ. അതിനിടെയാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ വിവാദ പരാമർശം പുറത്തുവന്നത്. അതിജീവിത കള്ളം പറയുന്നുവെന്നായിരുന്നു പരാമർശം. 10 വയസ്സുകാരിയെക്കുറിച്ച് കോടതിയിലും ക്രൈംബ്രാഞ്ച് ഇങ്ങനെ മറുപടി നൽകിയത് ഞെട്ടിച്ചു. പീഡന തീയതി തെറ്റായി രേഖപ്പെടുത്താനും സംഭവസമയം പ്രതി സ്കൂളിൽ ഹാജരായില്ലെന്ന് മൊബൈൽ ടവർ ലൊക്കേഷൻവെച്ച് തെറ്റിദ്ധരിക്കാനും പൊലീസ് ശ്രമിച്ചു. പീഡനം നടന്ന ശുചിമുറി പോലും മറ്റൊന്നായി ചിത്രീകരിച്ചു. കുട്ടി സ്കൂളിൽ ഹാജരാവാത്ത ദിവസം ഹാജർ രേഖപ്പെടുത്തി. ഇങ്ങനെ ഒട്ടേറെ പഴുതുകളാണ് പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നത്.
ഹൈകോടതി മേൽനോട്ടത്തിലാണ് ഒടുവിൽ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചതും പോക്സോ ചുമത്തി അന്തിമ കുറ്റപത്രം നൽകിയതും. ശിശുക്ഷേമ മന്ത്രിയും തൊട്ടപ്പുറത്ത് സാക്ഷാൽ മുഖ്യമന്ത്രിയും താമസിക്കുന്ന നാട്ടിലാണ് കേസ് അട്ടിമറിക്കാൻ പൊലീസ് എല്ലാ കളികളും കളിച്ചത്. അഞ്ചു വർഷങ്ങൾക്കിപ്പുറം ശിശുദിനനാളിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി പിറ്റേന്ന് ശിക്ഷയും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

