നിമിഷപ്രിയ: കാന്തപുരത്തെ വിളിച്ച് സന്തോഷം പങ്കുവെച്ചുവെന്ന് സാദിഖലി തങ്ങൾ; ഇടപെടൽ പ്രതീക്ഷയുടെ പൊൻകിരണം പോലെയെന്ന് കുഞ്ഞാലിക്കുട്ടി -പ്രമുഖരുടെ പ്രതികരണങ്ങൾ
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും സാദിഖലി തങ്ങളും
മലപ്പുറം: നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നടത്തിയ ഇടപെടല്‍ ഫലപ്രദമാകുന്നെന്ന വാര്‍ത്തകള്‍ ആശ്വാസകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വധശിക്ഷ നീട്ടിവെച്ചതറിഞ്ഞ് അദ്ദേഹത്തെ വിളിച്ച് സന്തോഷം പങ്കുവെച്ചു. ഇടപെടല്‍ സമ്പൂര്‍ണ വിജയമായി മോചനം സാധ്യമാകട്ടെയെന്ന് പ്രാർഥിക്കുന്നതായും സാദിഖലി തങ്ങൾ പറഞ്ഞു.
പ്രതീക്ഷയുടെ പൊൻകിരണം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ലാ വാതിലുകളുമടഞ്ഞ് മലയാളി മനസ്സാക്ഷി സങ്കടപ്പെട്ടു നിൽക്കുമ്പോഴാണ് പ്രതീക്ഷയുടെ പൊൻകിരണം പോലെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ ഉണ്ടായതെന്ന് മുസ്ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാന്തപുരത്തിന്റെ നിർദേശപ്രകാരം യമനിലെ സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ഇടപെടൽ പൂർണ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പിക്കാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ആശ്വാസകരം -ഇ.ടി. മുഹമ്മദ് ബഷീർ
മലപ്പുറം: ഏറെ ആശ്വാസകരമായ വാർത്തയാണ് യമനിൽനിന്ന് കേൾക്കാൻ കഴിഞ്ഞതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരിശ്രമത്തെതുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുകയാണ്. കാന്തപുരത്തിന്റെ ഇടപെടൽ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് - ഇ.ടി പറഞ്ഞു.
ആശ്വാസകരം -മുഖ്യമന്ത്രി
തിരുവനന്തപുരം: യമനിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചത് ആശ്വാസകരവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിക്ഷാവിധിയിൽനിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ ലഭിച്ചത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലാണ്.
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. കാന്തപുരത്തെയും നിമിഷപ്രിയക്ക് നീതി ലഭിക്കാൻ പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ വിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വഴിയും തേടണം -സതീശൻ
തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും അതിന് സാധ്യമായ എല്ലാ വഴിയും തേടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ.
അദ്ദേഹത്തിന്റെ നിർദേശ പ്രകാരം യമനിലെ സൂഫി പണ്ഡിതന് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസ്സങ്ങളും മറികടന്ന് സന്തോഷകരമായ വാര്‍ത്തക്ക് കാത്തിരിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അഭിനന്ദനീയം -മന്ത്രി അബ്ദുറഹ്മാൻ
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാനുള്ള തീരുമാനം ഏറെ ആശ്വാസകരമാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. വധശിക്ഷ ബുധനാഴ്ച നടപ്പാക്കാനിരിക്കെയാണ് മലയാളികൾക്കാകെ സന്തോഷം നൽകുന്ന തീരുമാനമുണ്ടായത്. ഇടപെടൽ നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നടപടി അഭിനന്ദനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളം മുഴുവൻ ആഗ്രഹിക്കുന്ന മോചനം -എ.പി. അനിൽകുമാർ
മലപ്പുറം: കേരളം മുഴുവൻ ആഗ്രഹിക്കുന്നതാണ് നിമിഷപ്രിയയുടെ മോചനമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതും ആശ്വാസകരവുമാണ്.
പ്രതീക്ഷാനിർഭരം -പി.വി. അൻവർ
മലപ്പുറം: നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസവും പ്രതീക്ഷയുമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ.
നിയമപരമായ ശ്രമം തുടരും -ആക്ഷൻ കമ്മിറ്റി
കൊല്ലങ്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസനടപടിയാണെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. ബാബു എം.എൽ.എ. മോചനത്തിനായി യമനിലും കേന്ദ്ര സർക്കാറിലും സുപ്രീംകോടതിയിലും ആക്ഷൻ കമ്മിറ്റി ഇടപെടൽ നടത്തിവരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും കെ. രാധാകൃഷ്ണൻ എം.പിയും ഉൾപ്പെടെയുള്ളവർ കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു. അഭിഭാഷകനെ യമനിലയച്ച് നിയമപരമായ ശ്രമങ്ങൾ തുടരുമെന്നും നിമിഷപ്രിയയെ നാട്ടിലെത്തിക്കാൻ സാധ്യമായ ഇടപെടൽ തുടരുമെന്നും കെ. ബാബു എം.എൽ.എ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.