തെറ്റുപറ്റിയത് പാർട്ടിക്കോ ജനങ്ങൾക്കോ; മറുപടി പറയാതെ എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പാർട്ടിക്കാണോ ജനങ്ങൾക്കാണോ തെറ്റുപറ്റിയത് എന്ന ചോദ്യത്തിന് മറുപടി പറയാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടതില്ലല്ലോ എന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എയും മുൻ സി.പി.എം നേതാവുമായ ടി.കെ. ഗോവിന്ദൻ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നായിരുന്നു ടി.കെ. ഗോവിന്ദന്റെ വിമർശനം.
എന്നാൽ, പയ്യന്നൂരിലും തളിപ്പറമ്പിലുമായി നാല് വിശദീകരണ യോഗങ്ങളിലാണ് പിണറായി പ്രസംഗിച്ചതെന്നും മാധ്യമങ്ങൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിവിരുദ്ധരുടെ നീക്കങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാനായില്ലെന്നും ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്നുമാണ് പിണറായി പറഞ്ഞത്. സി.പി.എം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കണ്ടെത്തിയ കാര്യങ്ങൾ തന്നെയാണ് പിണറായി വിശദീകരിച്ചതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തോറ്റതിന് നിരവധി കാരണങ്ങൾ പാർട്ടി കണ്ടെത്തിയിട്ടുണ്ട്. തിരുത്തൽ പ്രകിയ നടത്തിക്കൊണ്ടിരിക്കുകയാണ്. പാർട്ടി ഫലപ്രദമായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയാണ്. എന്നാൽ, മാസങ്ങളായി മാധ്യമങ്ങൾ നടത്തുന്ന ചർച്ച തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സി.പി.ഐയുമായുള്ളത് ചെറിയ തർക്കമാണെന്നും അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പറഞ്ഞു.
മുസ്‍ലിം സ്തീകളുടെ പൊതുപ്രവേശനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഗോവിന്ദൻ പറഞ്ഞു. സമൂഹത്തിന്റെ പൊതുമുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന പ്രസ്‍താവന ആര് നടത്തിയാലും ശരിയല്ല. ആധുനിക കേരളത്തിന് യോജിക്കാത്ത പരാമർശങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

