സർക്കാറിന്‍റെ നവകേരള സർവേക്ക് ‘പാർട്ടി റിക്രൂട്ട്മെന്‍റ്’; സർവേ സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാറിനെ സംബന്ധിച്ച ജനഹിതമറിയാൻ സംസ്ഥാന വ്യാപകമായി നടത്തുന്ന നവകേരള ക്ഷേമ സർവേക്കുള്ള വളന്റിയർമാരെ ‘റിക്രൂട്ട് ചെയ്യാൻ’ സി.പി.എം. സർക്കാർ ഖജനാവിൽനിന്ന് ഇതിനകം 20 കോടി രൂപ അനുവദിച്ച സർവേ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടക്കുക. കോളജ് വിദ്യാർഥികളടക്കമുള്ള വളന്റിയർമാർ 80 ലക്ഷം വീടുകളിലെത്തി വിവരം ശേഖരിക്കുമെന്നാണ് സർവേ പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
ജനങ്ങളെ കേൾക്കുകയും വികസനവും ക്ഷേമവും സംബന്ധിച്ച അഭിപ്രായങ്ങൾ സ്വരൂപിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ജനങ്ങളെ കേൾക്കുന്നതിനൊപ്പം മൂന്നാം ഇടത് സർക്കാറിനായുള്ള പ്രകടന പത്രികയിലേക്കടക്കമുള്ള സമഗ്ര ഡേറ്റ ശേഖരണമാണ് അണിയറ ലക്ഷ്യം. ഇത് മുൻനിർത്തിയാണ് പാർട്ടിക്കാരെയും ഇടത് അനുഭാവികളെയും പരമാവധിയിടങ്ങളിൽ വളന്റിയർമാരായി നിയോഗിക്കാൻ സർക്കാർ ഒത്താശയിൽ സി.പി.എം തീരുമാനിച്ചത്. പിന്നാലെ ഈ നിലക്കുള്ള ഒരുക്കവും സംഘടന തലത്തിൽ തുടങ്ങി. സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച അറിയിപ്പ് ജില്ല കമ്മിറ്റികൾക്ക് നൽകിയതോടെ ലോക്കൽ കമ്മിറ്റികൾ വാർഡ് അടിസ്ഥാനത്തിലുള്ള വളന്റിയർ പട്ടിക തയാറാക്കിത്തുടങ്ങി.
സർവേക്ക് താൽപര്യമുള്ള ഇടത് അനുഭാവികളെ വളന്റിയർമാർക്കുള്ള ആപ്പിൽ രജിസ്റ്റർ ചെയ്യിക്കുന്നതടക്കം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പലയിടത്തും നടക്കുന്നത്. ഇവരുടെ പട്ടിക സർവേക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിക്കുന്നതോടെ പ്രത്യേക പരിശീലനം നൽകും.
കുടുംബശ്രീ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയിലെ ഇടത് അനുഭാവികൾ, പാർട്ടിയുടെ വർഗ ബഹുജന സംഘടനകളുടെ പ്രാദേശിക ഭാരവാഹികൾ എന്നിവർക്കൊപ്പം പലയിടത്തും പാർട്ടി അംഗങ്ങളെയും വളന്റിയർമാരായി തിരഞ്ഞെടുക്കുന്നുണ്ട്. പഞ്ചായത്ത് വാർഡുകളിൽ ആറും നഗരസഭ വാർഡുകളിൽ എട്ടും പേരെയാണ് വളന്റിയർ സേനയിൽ ഉൾപ്പെടുത്തുക. സർവേയുടെ മേൽനോട്ടത്തിനായി ചുമതലപ്പെടുത്തുന്നതും പാർട്ടിക്കാരായ ഉദ്യോഗസ്ഥരെയാണ്. സർക്കാറിന്‍റെ അവസാന ഘട്ടത്തിൽ നടത്തുന്ന സർവേക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മറ്റു പാർട്ടിക്കാർ ഒഴിഞ്ഞുനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ എവിടെയും തർക്കവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

