രമ്യ ഹരിദാസിന്റെ നടപടിയിൽ പാർട്ടിക്കുള്ളിൽ അതൃപ്തി
text_fieldsരമ്യ ഹരിദാസ്
തിരുവനന്തപുരം: ചിറയിൻകീഴിലെ വിവാദമായ കൈയാങ്കളിയുടെ പേരിൽ കെ.പി.സി.സി അച്ചടക്ക നടപടിയെടുത്ത പാളയം പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യഹരിദാസ് എം.എൽ.എയുടെ വളഞ്ഞവഴി നീക്കം. പ്രദീപിനെ അഡീഷനൽ പി.എയായി മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് ശ്രമം നടന്നത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കി നിയമനം നൽകണമെന്നായിരുന്നു ആവശ്യം.
സെപ്റ്റംബർ നാല് തീയതിവെച്ചായിരുന്നു കത്ത്. നിയമസഭ സെക്രട്ടറി അവധിയിലായതിനാൽ നേരിട്ട് കത്ത് നൽകാനായില്ല. മാത്രമല്ല, സെപ്റ്റംബർ നാല് മാറ്റി യഥാർഥ തീയതി നൽകണമെന്ന് സെക്രട്ടറിയുടെ ഓഫിസ് നിർദേശിച്ചു. മുൻകാല പ്രാബല്യത്തിന്റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടി. ഇതോടെ എം.എൽ.എയുടെ പ്രതിനിധി കത്ത് തിരികെ വാങ്ങി മടങ്ങി.
ചിറയിൻകീഴിലെ കൈയാങ്കളിക്ക് പിന്നാലെ ഇരുപക്ഷത്തെയും ഓരോരുത്തർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയ കെ.പി.സി.സിയെ സംബന്ധിച്ച് എം.എൽ.എയുടെ നീക്കം ഞെട്ടിക്കുന്നതായി. എം.എൽ.എയുടെ സ്റ്റാഫിൽ ഉൾപ്പെട്ടയാളല്ല പാളയം പ്രദീപെന്ന് കെ.പി.സി.സി കേന്ദ്രങ്ങൾ വ്യക്തമാക്കിയിരിക്കെ, അച്ചടക്ക നടപടിയെടുത്തയാളെ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന വിചിത്രമായ ആവശ്യം അമ്പരപ്പിക്കുന്നതായി.
മാത്രമല്ല, പാർട്ടിയെ വെല്ലുവിളിക്കുന്നതിന് തുല്യവുമായി ഇത്. എം.എൽ.എയുടെ നടപടിയിൽ പാർട്ടി നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. താൻ സ്റ്റാഫിൽ ഉൾപ്പെട്ടയാളാണെന്ന് തിങ്കളാഴ്ച രാവിലെയും പ്രദീപ് മാധ്യമങ്ങൾക്ക് മുന്നിൽ അവകാശവാദമുന്നയിക്കുമ്പോഴായിരുന്നു നിയമസഭാ സെക്രട്ടേറിയറ്റിലെ സമാന്തര നീക്കം. പാർട്ടിയുടെ ഭാഗമോ എം.എൽ.എയുടെ സ്റ്റാഫോ അല്ലാത്തയാൾ ചിറയിൻകീഴിലെ ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നുവെന്നതാണ് വിവാദ സംഭവങ്ങളുടെ തുടക്കം.
പ്രദീപിനെ ചിറയിൻകീഴിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് പ്രദേശത്തെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യം. സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ പാർട്ടി അന്വേഷണം നടക്കുന്ന ഘട്ടത്തിൽ, അതേ വ്യക്തിയെതന്നെ സ്റ്റാഫാക്കണമെന്ന എം.എൽ.എയുടെ ആവശ്യം മറുവിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എം.എൽ.എയ്ക്ക് ഒരു പ്രൈവറ്റ് സെക്രട്ടറിയാണ് സാധാരണയുള്ളത്. വേണമെങ്കിൽ അസിസ്റ്റന്റുമാരെ വെയ്ക്കാം. ഇത് അതത് മണ്ഡലത്തിൽ നിന്നുള്ളവരാകും. പാർട്ടി അനുമതിയോടെയുമാകണം. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വിഷയങ്ങൾ കൂടുതൽ വഷളാക്കും വിധമാണ് പുതിയ നീക്കങ്ങളെന്നാണ് പാർട്ടി വിലയിരുത്തൽ.
പ്രദീപിനെ ചിറയിൻകീഴിൽ കാലുകുത്താൻ അനുവദിക്കില്ല -സജാദ്
തിരുവനന്തപുരം: എം.എൽ.എയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും പാളയം പ്രദീപിനെ ചിറയിൻകീഴിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയനായ കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ്.
ചിറയിൻകീഴിൽ എം.എൽ.എയെ മാത്രമേ ആവശ്യമുള്ളൂ. എം.എൽ.എയെ നിയന്ത്രിക്കാൻ പാർട്ടിയുണ്ട്. ഇതിനായി മറ്റൊരു വ്യക്തി വേണ്ട. പ്രദേശത്തെ നേതാക്കളുടെ വികാരം മനസ്സിലാക്കാതെ പാർട്ടിയെ വെല്ലുവിളിച്ച നടപടിയായി ഇത്. പ്രശ്നം ഒത്തുതീർക്കാൻ ആഗ്രഹിക്കുന്ന ഘട്ടത്തിലാണ് ഇത്തരം നീക്കങ്ങളെന്നും സജാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

