മുത്തൂറ്റ് പോൾ വധം: കാരി സതീഷിന്റെ ജീവപര്യന്തം ഹൈകോടതി ശരിെവച്ചു
text_fieldsമുത്തൂറ്റ് പോൾ എം. ജോർജ്
കൊച്ചി: മുത്തൂറ്റ് പോൾ എം. ജോർജ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീഷ് എന്ന സതീഷ്കുമാറിന്റെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിെവച്ചു. അതേസമയം, ഒരേ കുറ്റത്തിന് രണ്ട് വകുപ്പ് പ്രകാരം ശിക്ഷിക്കാനാവില്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് സതീഷിനെ ഇന്ത്യൻ ശിക്ഷാനിയമം 326ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയത് റദ്ദാക്കി. പോളിന്റെ മരണത്തിൽ കാരി സതീഷിന് നേരിട്ട് പങ്കുണ്ടെന്നും കൊലക്കുറ്റം നിലനിൽക്കുമെന്നും വിലയിരുത്തിയാണ് തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴ ശിക്ഷയും വിധിച്ചത്.
കൊലപാതകം, സംഘം ചേരൽ, തെളിവുനശിപ്പിക്കൽ, അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സതീഷ് അടക്കം ആദ്യ ഒമ്പത് പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റ് എട്ട് പ്രതികളുടെയും ജീവപര്യന്തം 2019ൽ ഹൈകോടതി റദ്ദാക്കിയിരുന്നു. അന്ന് അപ്പീൽ നൽകാതിരുന്ന കാരി സതീഷ് 2020ലാണ് ഹൈകോടതിയെ സമീപിച്ചത്. താനല്ല പോൾ മുത്തൂറ്റിനെ കുത്തിയതെന്നും ഇക്കാര്യം സ്ഥാപിക്കാൻ പ്രോസിക്യൂഷന്റെ തെളിവുകളും മൊഴികളും പര്യാപ്തമല്ലെന്നുമായിരുന്നു അപ്പീലിലെ വാദം. രാത്രി നടന്ന സംഭവത്തിൽ താനാണ് കുത്തിയതെന്ന മൊഴി വിശ്വസിക്കാനാകില്ലെന്നും വാദിച്ചു. എന്നാൽ, പിന്തുടർന്നെത്തിയ സംഘത്തിലുണ്ടായിരുന്ന കാരി സതീഷ് തന്നെയാണ് പോൾ മുത്തൂറ്റിനെ കുത്തിയതെന്ന് സഹയാത്രികന്റെയടക്കം മൊഴികളിൽനിന്ന് വ്യക്തമാണെന്ന് ഹൈകോടതി വിലയിരുത്തി. തുടർന്നാണ് സതീഷിനെതിരെ ഹൈകോടതി കൊലക്കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തുകയും ശിക്ഷ ശരിെവക്കുകയും ചെയ്തത്.
2009 ആഗസ്റ്റ് 22ന് രാത്രി ആലപ്പുഴ പള്ളാത്തുരുത്തി - പെരുന്ന റോഡിലെ പൊങ്ങ എന്ന സ്ഥലത്തുവെച്ചാണ് പോൾ മുത്തൂറ്റ് കൊല്ലപ്പെടുന്നത്. മറ്റൊരാളെ ആക്രമിക്കാൻ പോയ ഗുണ്ടസംഘത്തിന്റെ വാഹനത്തിൽ പോൾ മുത്തൂറ്റ് സഞ്ചരിച്ചിരുന്ന കാർ തട്ടി. നിർത്താതെപോയ പോൾ മുത്തൂറ്റിന്റെ വാഹനത്തെ പിന്തുടർന്നെത്തിയ അക്രമിസംഘം സംഘർഷത്തിനിടെ പോളിനെ കുത്തിക്കൊന്നെന്നാണ് പ്രോസിക്യൂഷൻ കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.