പാവക്കുളം ക്ഷേത്രം സംഭവം; അഞ്ച് സ്ത്രീകൾ അറസ്റ്റിൽ
text_fieldsകൊച്ചി: പാവക്കുളം ക്ഷേത്ര ഹാളിൽ യുവതിയെ വളഞ്ഞിട്ട് ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്ത കേസിൽ സംഘ്പരിവാർ പ്രവർത്തകരായ അഞ്ച് വനിതകളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തിരുവനന്തപുരം പേയാട് സ്വദേശി ആതിര നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയില്ല.
ഈ മാസം 21ന് ക്ഷേത്രഹാളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി വ്യവസായ സെൽ സംസ്ഥാന സഹകൺവീനർ സി.വി. സജനിയുടെ നേതൃത്വത്തിൽ ജനജാഗരണ സമിതി പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രഭാഷണത്തിലെ പരാമർശങ്ങളെ എതിർത്ത ആതിരയെ ബി.ജെ.പി, വി.എച്ച്.പി പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും ചേർന്ന് കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.
മതസ്പർധയുണ്ടാക്കുന്ന പരാമർശങ്ങളുയർത്തി ആതിരയെ ഹാളിന് പുറത്തേക്ക് തള്ളിവിട്ടു. ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
29 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മറ്റുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നോർത്ത് പൊലീസ് പറഞ്ഞു.
നിയമവിരുദ്ധമായി സംഘം ചേരൽ, ആക്രമിക്കൽ, അസഭ്യവർഷം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.