ഇടുക്കി ഡാം തുറക്കാൻ മുന്നൊരുക്കം; ആറ് ഡാമുകൾ തുറന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജലാശയങ്ങളിൽ മിക്കതും പരമാവധി ജലനിരപ്പിലേക്ക് എത്തുന്നത് കണക്കിലെടുത്ത് സർക്കാർ അടിയന്തര മുന്നൊരുക്കം തുടങ്ങി. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലാശയമായ ഇടുക്കി ഡാമിെൻറ ഷട്ടറുകൾ തുറക്കുന്നതിെൻറ മുന്നൊരുക്ക നടപടികളാണ് പ്രധാനമായും യോഗത്തിൽ വിലയിരുത്തിയത്.
മഴയും നീരൊഴുക്കും ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് ഡാം സന്ദർശിച്ച ശേഷം വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ തുറന്ന് വിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ, നീരൊഴുക്ക് കുറഞ്ഞാൽ തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ബാണാസുര സാഗർ, പൊരിങ്ങല്‍, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാർ, മൂഴിയാര്‍ എന്നീ ഡാമുകൾ തുറന്നു. ജലസേചന വകുപ്പിന് കീഴിലെ പീച്ചി ഡാമും തുറന്നിട്ടുണ്ട്. വെള്ളിയാഴ്ച സംഭരണ ശേഷി 78.76 എത്തിയതോടെയാണ് പീച്ചി ഡാമിെൻറ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നത്. നീരൊഴുക്ക് ഇതേ നിലയിൽ തുടർന്നാൽ പൊൻമുടി, ഷോളയാർ, പമ്പ, ഇടമലയാര്‍ എന്നിവ കൂടി തുറക്കും. പൊൻമുടിയും ഷോളയാറും ഏതുനിമിഷവും തുറക്കാമെന്ന നിലയിലാണ്.
ഇടുക്കി ഡാം തുറന്നാൽ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സം എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടത്തും. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലെ കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി തയാറാക്കി. ഇവിടെ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് ശേഖരിക്കുക. തയാറെടുപ്പിന് ഇടുക്കി, എറണാകുളം കലക്ടര്‍മാർക്ക് മുഖ്യമന്ത്രി നിര്‍ദേശം നൽകി.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന സംഭരണിയായ കൊച്ചു പമ്പ ഡാം നിറയാൻ ഇനി ഒരു മീറ്റർ കൂടി മാത്രം മതി. പീച്ചി ഡാം അവസാനമായി തുറന്നത് 2014ലാണ്. ഇടുക്കി ഉള്‍പ്പെടെ 58 അണക്കെട്ടുകളാണ് കെ.എസ്.ഇ.ബിയുെട കീഴിലുള്ളത്. ഇവയുടെ നിരീക്ഷണം കോട്ടയം പള്ളത്ത് പ്രവര്‍ത്തിക്കുന്ന ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനാണ്. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങൾ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷെൻറ ആസ്ഥാനത്ത് നിന്നാണ് നല്‍കുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുമ്പ് ജില്ല ഭരണകൂടം മുഖേന മൂന്ന് തവണ ജാഗ്രത നിര്‍ദേശം നല്‍കും.
ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളം
വെള്ളിയാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടിയാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്. ഇടുക്കി ആർച് ഡാം, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഉൾപ്പെടുന്ന ഇടുക്കി ജലാശയത്തിലെ ചെറുതോണിയാണ് തുറക്കുക. മുമ്പ് 1992 ലാണ് ഇടുക്കി അണക്കെട്ട് തുറന്നത്. അതിനുശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെൻറിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതൽ.
മുല്ലപ്പെരിയാർ ജലനിരപ്പ് 136.10 അടി
കുമളി: കേരളത്തെ ആശങ്കയിലാക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.10 അടിയായി ഉയർന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജലനിരപ്പ് 136 അടി പിന്നിട്ടത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ടിൽ ജലനിരപ്പ് 136ലേക്ക് ഉയരുന്നതുതന്നെ ആപത്തെന്നാണ് കേരളം ആശങ്കപ്പെട്ടിരുന്നത്. എന്നാൽ, കോടതി വിധി അനുകൂലമായതോടെ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താനുള്ള ശ്രമത്തിലാണ് തമിഴ്നാട്. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ആഗസ്റ്റ് മൂന്നിന് അണക്കെട്ട് സന്ദർശിക്കുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.