പെൻഷൻ അട്ടിമറി നീക്കം ഉപേക്ഷിക്കണം -കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ പദ്ധതി അട്ടിമറിക്കുന്ന വിധത്തിൽ വ്യവസ്ഥകളിൽ സമൂല മാറ്റം നിർദേശിച്ച് പുറത്തുവന്ന വിവരങ്ങൾ അങ്ങേയറ്റം ആശങ്കജനകവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. ചട്ടഭേദഗതി പഠിക്കാൻ സർക്കാർ നിയോഗിച്ച ഉപസമിതിയെ പോലും നോക്കുകുത്തിയാക്കിയാണ് ചില ഉദ്യോഗസ്ഥർ ചേർന്ന് പദ്ധതി പൊളിച്ചെഴുതാൻ നീക്കം നടത്തുന്നത്. ദീർഘകാലമായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ അംഗത്വം, മാധ്യമസ്ഥാപനങ്ങളുടെ അനുബന്ധ ആനുകാലികങ്ങളിലെ മാധ്യമപ്രവർത്തകരുടെയും വിഡിയോ എഡിറ്റർമാരുടെയും അംഗത്വം തുടങ്ങി ഉപസമിതി നിർദേശങ്ങളെല്ലാം തള്ളി നിലവിൽ അംഗങ്ങളായവർക്കുപോലും അർഹമായ ആനുകൂല്യങ്ങൾ നിരസിക്കുന്ന വിധത്തിലാണ് വ്യവസ്ഥകൾക്ക് രൂപം നൽകിയിരിക്കുന്നത്.
പൂർണ പെൻഷന് 35 വർഷം സർവിസ് വേണമെന്ന നിർദേശം ഏതാണ്ട് മുഴുവൻ പേരെയും പദ്ധതിക്ക് വെളിയിലാക്കുന്നതാണ്. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി 32 വർഷം മുമ്പ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കിവരുന്ന പദ്ധതി ഏകപക്ഷീയമായി അട്ടിമറിക്കാനുള്ള നീക്കം ഒരു നിലക്കും അംഗീകരിക്കാനാവില്ല. അർഹരായ മുഴുവൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന വിധത്തിൽ സമഗ്രവും സമ്പൂർണവുമായ വ്യവസ്ഥകൾക്ക് രൂപം നൽകി പദ്ധതി കൂടുതൽ കാര്യക്ഷമവും ഉപകാരപ്രദവുമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.