'ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോൾ രാഷ്ട്രീയക്കാർ എന്തിനാണ് കരയുന്നത്..?, ഫോട്ടോയെടുക്കലാണ് ചിലരുടെ ലക്ഷ്യം '
text_fieldsആലപ്പുഴ: ജനങ്ങൾക്ക് സർക്കാറിനെ വോട്ടുചെയ്ത് തെരഞ്ഞെടുക്കാമെങ്കിൽ അതിലേറെ അധികാരമുള്ള ജഡ്ജിമാരെയും ജനങ്ങൾ വോട്ടു ചെയ്ത് തെരഞ്ഞെടുക്കാൻ കഴിയണമെന്ന് മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ പറഞ്ഞു. നിയമസഹായ സമിതി ആലപ്പുഴ ജില്ല സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കോടതിയിൽ ഒട്ടേറെ കേസുകളാണ് കെട്ടിക്കിടക്കുന്നത്. സുപ്രീം കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല. കൂടുതൽ ജഡ്ജിമാരെ നിയമിക്കുകയോ സ്പെഷൽ കോടതികൾ ആരംഭിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രണ്ടു പരാതി നൽകി. എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ല. അധിക്ഷേപിച്ചവർ മാപ്പു പറഞ്ഞെന്നു മാത്രം പറഞ്ഞു. എഫ്.ഐ.ആറ് പോലും കിട്ടിയില്ല. നാലു തവണ എം.എൽ.എയായ തന്റെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും സുധാകരൻ ചോദിച്ചു.
ഭീകരർ നമ്മുടെ രാജ്യത്ത് ദീർഘകാലമായി താമസിച്ചുവന്ന് കൊന്നിട്ടുപോയി. സുരക്ഷയുടെ കാര്യത്തിൽ ചെറിയ വീഴ്ചയല്ല. എന്നിട്ടും ആരും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ബന്ധുക്കൾ കരയുന്നത് മനസിലാക്കാം. രാഷ്ട്രീയക്കാർ എന്തിനാണ് കരയുന്നത്. മൃതദേഹത്തോട് ചേർന്ന് നിന്ന് ചിത്രം വരുത്താനാണ് പലരുടെയും ശ്രമമെന്നു സുധാകരൻ വിമർശിച്ചു.
നയതന്ത്ര തീരുമാനങ്ങൾ ഡൽഹിയിൽ ഇരുന്നു ചെയ്യാവുന്നതല്ലേ ഉള്ളൂ. തിരിച്ചടിക്കാൻ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോ. രാജ്യരക്ഷ നിയമപരമായി തന്നെ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.