കണ്ണീർപ്പെയ്ത്തിന്റെ ഓർമയിൽ പെട്ടിമുടി
text_fieldsപെട്ടിമുട്ടിയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽ ചിത്രം)
തൊടുപുഴ: പെട്ടിമുടിയിൽ 70 പേരുടെ ജീവനെടുത്ത കണ്ണീർപ്പെയ്ത്തിന് ബുധനാഴ്ച അഞ്ച് വർഷം തികയുന്നു. 2020 ആഗസ്റ്റ് ആറിന് രാത്രിയാണ് മലമുകളില്‍നിന്ന് ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന് നഷ്ടപ്പെട്ടു.
തൊഴിലാളി ലയങ്ങളിൽ ഉറക്കത്തിലായിരുന്ന 32 കുടുംബങ്ങളിൽ ഉണ്ടായിരുന്നവരാണ് അപ്രതീക്ഷിതമായി ആർത്തലച്ചെത്തിയ ഉരുളിൽപെട്ടുപോയത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ 66 മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും നാലുപേരെ കണ്ടെത്താനായില്ല. ഒരുമാസം നീണ്ട തിരച്ചിലിനൊടുവിൽ ഇവരും മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിക്കുകയും ബന്ധുക്കൾക്ക് സഹായധനം അനുവദിക്കുകയും ചെയ്തു. 12 പേര് മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്.
ആഗസ്റ്റ് അഞ്ചിന് 225 മില്ലിമീറ്റർ മഴ ഈ മേഖലയിൽ പെയ്തതായാണ് രാജമലയിലെ മഴമാപിനി രേഖപ്പെടുത്തിയത്. കണ്ണൻ ദേവൻ കമ്പനിയുടെ നയമക്കാട് എസ്റ്റേറ്റിലെ ഡിവിഷനുകളിൽ ഒന്നായിരുന്നു പെട്ടിമുടി. ഇടമലക്കുടി വനമേഖലയുടെ അതിർത്തി കൂടിയാണിവിടം. രാത്രി പത്തരക്കാണ് തൊഴിലാളിക്കോളനികളിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ മലമുകളിൽനിന്ന് ഉരുൾപൊട്ടി കല്ലും മണ്ണും മലവെള്ളവും പ്രവഹിച്ചത്.
മലമടക്കുകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും താഴേക്ക് ഒഴുകിയ ഉരുൾ തൊഴിലാളിലയങ്ങളുടെ മധ്യത്തിലൂടെ കടന്നുപോവുകയായിരുന്നു. ഒട്ടേറെപ്പേർ മണ്ണിൽ ആണ്ടുപോയപ്പോൾ കുറേപ്പേർ വെള്ളപ്പാച്ചിലിൽപ്പെട്ട് പെട്ടിമുടി പുഴയിലൂടെ കിലോമീറ്ററുകൾ ഒഴുകിപ്പോയി. ഒട്ടേറെ വാഹനങ്ങളും മലവെള്ളപ്പാച്ചിലിൽ തകർന്നു.
ഉറ്റവരെത്തും പ്രാർഥനയോടെ
രാത്രി നടന്ന ദുരന്തം പുറംലോകം അറിയുന്നത് പിറ്റേന്ന് രാവിലെയാണ്. പെട്ടിമുടിയിൽ വൈദ്യുതി വിതരണം രണ്ടുദിവസമായി തടസ്സപ്പെട്ടിരുന്നതും മൊബൈൽ ഫോണുകൾ പ്രവർത്തിക്കാതിരുന്നതും കനത്ത മഴയിൽ പലയിടത്തും റോഡ് ഒലിച്ചുപോയതും മൂലം ദുരന്തവിവരം പുറംലോകം അറിയാൻ വൈകി. രാവിലെ രക്ഷാപ്രവർത്തകർ എത്തുമ്പോൾ ശ്മശാന ഭൂമിയായിരുന്നു പെട്ടിമുടി. അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുടേയും പരിക്കേറ്റ് കിടന്നവരുടേയും ഉറ്റവരെ നഷ്ടപ്പെട്ടവരുടേയുമെല്ലാം കരളലിയിക്കുന്ന വിലാപക്കാഴ്ചയായിരുന്നു എവിടേയും.
പിന്നീട് ഒരാഴ്ചയോളം കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് ഇവിടെ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വിവിധ മന്ത്രിമാരും ദുരന്തബാധിതമേഖലയില്‍ നേരിട്ടെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍നടപടികള്‍ ഏകോപിപ്പിച്ചു. മനുഷ്യസാധ്യമായതൊക്കെയും സര്‍ക്കാറും ജില്ല ഭരണകൂടവും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചു. കിലോമീറ്ററുകള്‍ അകലെനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കനത്തമഴയും മൂടല്‍മഞ്ഞും വന്യജീവി സാന്നിധ്യവുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. മരണപ്പെട്ടവരെ സമീപ ഡിവിഷനായ രാജമലയിൽ ഒരേ കുഴിമാടത്തിലാണ് കൂട്ടത്തോടെ സംസ്കരിച്ചത്. പെട്ടിമുടിയിൽ താമസിച്ചിരുന്ന മറ്റ് കുടുംബങ്ങളെ കണ്ണൻ ദേവൻ കമ്പനി മറ്റ് ഡിവിഷനുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വീടും സ്വത്തുവകകളും പൂർണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് സർക്കാറും കണ്ണൻ ദേവൻ കമ്പനിയും ചേർന്ന് കുട്ടിയാർവാലിയിൽ വീട് നിർമിച്ചു നൽകി.
ദുരന്തത്തിൽ മരിച്ചവരുടെ സ്മരണ പുതുക്കാനും പ്രാർഥനക്കുമായി വാർഷിക ദിനത്തിൽ ഉറ്റവർ പെട്ടിമുടിയിൽ എത്താറുണ്ട്. ഇക്കുറിയും ഇവിടെ പ്രാർഥനാ ചടങ്ങുകളുണ്ടാവും. ഇപ്പോൾ പെട്ടിമുടിയിലെത്തുമ്പോൾ മുമ്പിവിടെ കുറച്ച് മനുഷ്യര്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അത്രത്തോളം നിശ്ശബ്ദമായി ഉറങ്ങുകയാണ് ആ ദുരന്തഭൂമി.
കേന്ദ്രം പ്രഖ്യാപിച്ച ധനസഹായമില്ല
മൂന്നാർ: പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തമുണ്ടായി അഞ്ചു വർഷമായിട്ടും മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ധനസഹായം ലഭിച്ചില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷവും തമിഴ്നാട് സർക്കാർ മൂന്നു ലക്ഷവും സഹായം പ്രഖ്യാപിച്ചിരുന്നു. കാണാതായവരുൾപ്പെടെ 70 പേരുടെയും ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.