ഇ.ഡി കേസൊതുക്കാൻ കൈക്കൂലി; പരാതിക്കാരനോട് ഇടനിലക്കാരൻ 30 ലക്ഷം ആവശ്യപ്പെടുന്ന ഫോൺസംഭാഷണം പുറത്ത്;തെളിവ് ശേഖരണം മുന്നോട്ട്
text_fieldsകൊച്ചി: കേസ് ഒതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ തെളിവ് ശേഖരണം ഊർജിതമാക്കി വിജിലൻസ്. അറസ്റ്റിലായി ജാമ്യം ലഭിച്ച രണ്ട് മുതൽ നാല് വരെ പ്രതികളിലൂടെ ഒന്നാം പ്രതിയായ ഇ.ഡി ഉദ്യോഗസ്ഥനിലേക്കെത്താനാണ് ശ്രമം. ജാമ്യം ലഭിച്ച തമ്മനം സ്വദേശി വിൽസൺ വർഗീസ് (36), രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് കുമാർ (55), ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ (38) എന്നിവർ വിജിലൻസിന് മുന്നിൽ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായി. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഇ.ഡി ഉദ്യോഗസ്ഥന്റെ ഇടപെടൽ സംബന്ധിച്ച് വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് വിജിലൻസ്. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇത് അന്വേഷണത്തിന് നിർണായകമാകും. ഇ.ഡി ഉദ്യോഗസ്ഥർ ഏതെങ്കിലും വിധത്തിൽ സംഭവത്തിൽ സ്വാധീനിച്ചിട്ടുണ്ടോയെന്ന് ഇതിലൂടെ അറിയാനാകുമെന്നാണ് വിലയിരുത്തൽ.
ഇഡി അസി. ഡയറക്ടർ ശേഖർകുമാറാണ് കേസിലെ ഒന്നാം പ്രതി. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. ഉന്നത ഉദ്യോഗസ്ഥനാണെന്നതിനാൽ, വിശദമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രം നടപടി മതിയെന്നതാണ് വിജിലൻസ് തീരുമാനം. അതേസമയം, പരാതിക്കാരൻ അനീഷ് ബാബുവും ഇടനിലക്കാരൻ വിൽസണും തമ്മിലുള്ളതെന്ന് കരുതുന്ന മറ്റൊരു ഫോൺസംഭാഷണ ശബ്ദരേഖ കൂടി പുറത്തുവന്നു.
30 ലക്ഷം രൂപ മുൻകൂറായി നൽകിയാൽ കേസ് ഒതുക്കാമെന്നാണ് ഇടനിലക്കാരൻ ഇതിൽ പറയുന്നത്. പെയ്മെന്റ് ഓക്കെയാണെങ്കിൽ ചോദ്യം ചെയ്യലിന്റേതായ പ്രയാസങ്ങളൊന്നുമുണ്ടാകില്ലെന്നും 30 ലക്ഷം ടോക്കൺ നൽകണമെന്നും പറയുന്നുണ്ട്. എന്നിട്ട് ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരായ ശേഷം നമുക്ക് വിശദമായി സംസാരിക്കാമെന്നും പറയുന്നുണ്ട്. പ്രതികൾ ഇ.ഡി ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയുന്നുവെന്ന് വ്യക്തമാകുംവിധമുള്ളതാണ് ശബ്ദരേഖയിലെ സംഭാഷണം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ സംബന്ധിച്ച് ഇ.ഡി വിജിലൻസിനും കത്ത് നൽകിയിട്ടുണ്ട്. അതിൽ പരിശോധന നടത്തുകയാണ് വിജിലൻസ്.
ഇ.ഡി അസി. ഡയറക്ടർ മുൻകൂർ ജാമ്യ ഹരജി നൽകി
കൊച്ചി: കേസ് ഒതുക്കാൻ കോഴ ഇടപാട് സംബന്ധിച്ച വിജിലൻസ് കേസിൽ പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടർ ശേഖർകുമാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. ഇടനിലക്കാരൻ വഴി രണ്ട് കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന പേരിലെടുത്ത കേസിൽ താൻ നിരപരാധിയാണെന്നും ഗൂഢ ഉദ്ദേശ്യത്തോടെ കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചാണ് ഹരജി.
പരാതിക്കാരനായ കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബു കേസിൽനിന്ന് രക്ഷപ്പെടാനാണ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നാണ് ഹരജിയിൽ പറയുന്നത്. വിദേശത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് പല വ്യാപാരികളിൽനിന്നായി കോടികൾ തട്ടിയ കേസിൽ 2021 മുതൽ അനീഷ് ബാബുവിന് ഇ.ഡി സമൻസ് അയക്കുന്നുണ്ട്. ഇ.ഡി നടപടികളുമായി സഹകരിക്കാത്തയാളാണ് പരാതിക്കാരൻ. ഇയാളുമായോ കേസിലെ രണ്ടാം പ്രതിയുമായോ തനിക്ക് ബന്ധമില്ലെന്നും ഹരജിയിൽ പറയുന്നു.
പ്രതികൾക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല -വിജിലൻസ് എസ്.പി
കൊച്ചി: ഇ.ഡിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കാൻ കൈക്കൂലി ചോദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ലെന്ന് വിജിലൻസ് എസ്.പി എസ്. ശശിധരൻ. അഴിമതിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് വിജിലൻസിന്റേതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ചോദ്യം ചെയ്യാൻ ഒരാഴ്ച സമയമുണ്ട്. കൂടുതൽ തെളിവുകൾക്ക് പരമാവധി ശ്രമം നടത്തുകയാണ്. എന്താണ് യാഥാർഥ്യമെന്നത് കണ്ടെത്താനുള്ള ആത്മാർഥ ശ്രമമാണ് തുടരുന്നത്. കേസിലെ പരാതിയുമായി ബന്ധപ്പെട്ട ഫയൽ ആവശ്യപ്പെട്ട് ഇ.ഡിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി കിട്ടുമെന്നാണ് പ്രതീക്ഷ. അഴിമതി നടന്നിട്ടുണ്ടോയെന്നതാണ് അന്വേഷിക്കുന്നത്. പരാതിയിൽ വാസ്തവമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടാണ് ഇറങ്ങിത്തിരിച്ചത്. അതുമായി ബന്ധപ്പെട്ടാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.