Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പൊലീസിന് തെറ്റ് പറ്റിയാൽ തെറ്റുപറ്റിയെന്ന് തന്നെ പറയും, പിണറായി 10 വർഷത്തി​നിടെ ഒരിക്കൽ പോലും ഇത് പറഞ്ഞിട്ടില്ല’ തുറന്നടിച്ച് ചെന്നിത്തല

text_fields
bookmark_border
‘പൊലീസിന് തെറ്റ് പറ്റിയാൽ തെറ്റുപറ്റിയെന്ന് തന്നെ പറയും, പിണറായി 10 വർഷത്തി​നിടെ ഒരിക്കൽ പോലും ഇത് പറഞ്ഞിട്ടില്ല’ തുറന്നടിച്ച് ചെന്നിത്തല
cancel

തിരുവനന്തപുരം: പൊലീസിന് തെറ്റ് പറ്റിയാൽ തെറ്റുപറ്റിയെന്ന് തന്നെ താൻ പറയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ​പത്തു വർഷം ആഭ്യന്തര മന്ത്രിയായിരുന്ന ആളാണ് പ്രതിപക്ഷനേതാവ്. അദ്ദേഹം ഒരിക്കൽ പോലും പൊലീസിന്റെ വീഴ്ച വീഴ്ചയാണെന്ന് ഇവിടെ പറഞ്ഞിട്ടില്ല. പക്ഷെ ഐ ആം വെരി ഓപ്പൺ. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് ചെയ്തു എന്ന് തന്നെ പറയും. ചേരാനല്ലൂർ സംഭവത്തിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ല. ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട് -അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

‘ചേരാനല്ലൂർ സംഭവം ഉണ്ടായപ്പോൾ തന്നെ രാത്രി അവിടത്തെ എംഎൽഎ ടിജെ വിനോദ് ഫോണിൽ വിളിച്ചാണ് ആദ്യം എന്നോടിത് പറയുന്നത്. ഞാൻ തിരക്കിയപ്പോൾ പൊലീസ് മനപൂർവമുള്ള നരഹത്യ എന്ന വകുപ്പ് ചേർത്തിട്ടില്ല എന്ന് മനസ്സിലായി. ഇത് വളരെ ഗൗരവതരമായ കാര്യമാണെന്ന് ഞാൻ അപ്പോൾ തന്നെ ഡിജിപിയെ വിളിച്ചു പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചാൽ അത് അംഗീകരിക്കുന്നതിൽ എനിക്കൊരു മടിയുമില്ല. പാവപ്പെട്ട മനുഷ്യനെ രാത്രി രണ്ടര മണിക്ക് ബെൻസ് കാറിൽപ്പോയ വ്യക്തി ഇടിച്ചു കൊന്നിട്ട് പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ഇട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഞാൻ ഡിജിപിയോട് ചോദിച്ചു. സാർ അത് എന്റെ ഉത്തരവാദിത്വമാണ്. പൊലീസ് തെറ്റ് ചെയ്താൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ ഗവൺമെന്റിനില്ല. ജഡ്ജിയുടെ മകനല്ല ആരുടെ മകനായാൽ എന്താണ് സാർ? നിയമം എല്ലാവർക്കും ഒരുപോലെയല്ലേ?

പാവപ്പെട്ട മനുഷ്യൻ സ്കൂട്ടറിൽ പോവുമ്പോഴാണ് കാറിടിച്ച് കൊന്നത്. അയാൾ കൊണ്ടുപോയിട്ട് വേണം ആ വീട്ടിലെ ആളുകൾക്ക് ഭക്ഷണം കഴിക്കാൻ. അങ്ങനെയുള്ള വ്യക്തിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണ്’ -ചെന്നിത്തല പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ച നടപടിയെയും മന്ത്രി നിയമസഭയിൽ ശക്തമായി അപലപിച്ചു. ശവശരീരം അടക്കുന്നതിന് മുൻപ് തന്നെ പ്രതിക്ക് ജാമ്യം നൽകിയ നടപടി ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അപകടം നടന്നയുടൻ മൊബൈൽ ഫോണിലുണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും, കൃത്യമായ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിമുഖത കാണിച്ചവർക്കെതിരെയും അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും. പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ​തിന്റെ നടപടികൾ പുരോഗമിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത പ്രതിയെ പിറ്റേദിവസം കോടതിയിൽ ഹാജരാക്കാൻ ജുവനൈൽ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടും പൊലീസ് അന്നേദിവസം രാത്രി തന്നെ ജുവനൈൽ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് ജാമ്യം നേടിയെടുക്കുകയായിരുന്നു. വാഹനം ഓടിച്ചയാൾ മൈനറായതിനാൽ, വാഹനത്തിന്റെ ആർ.സി ഉടമയായ ജില്ലാ ജഡ്ജിക്കെതിരെ കേസെടുത്തിട്ടുണ്ട്. ജഡ്ജിക്കെതിരെ നേരിട്ട് നടപടിയെടുക്കാൻ സർക്കാരിന് ഭരണഘടനാപരമായ പരിമിതികളുള്ളതിനാൽ, കേസിന്റെ വിവരങ്ങൾ ഹൈകോടതി രജിസ്ട്രാർക്ക് രേഖാമൂലം കൈമാറിയിട്ടുണ്ട്. ഇനി ഹൈകോടതിയിൽ ഇതിന്റെ ചുമതലയുള്ള ജഡ്ജി വിഷയം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേസിൽ ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ശക്തമായ നിയമനടപടികൾ ഉറപ്പാക്കും. ഈ വിഷയത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണെന്നും മന്ത്രി രമേശ് ചെന്നിത്തല സഭയിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi never admitted police mistake in 10 years: Chennithala
Next Story