ആഴക്കടൽ പറഞ്ഞ് മുഖ്യമന്ത്രി കൊച്ചിയിൽ; ശബരിമല പറയാതെ തൃപ്പൂണിത്തുറയിൽ
text_fieldsകൊച്ചി: മത്സ്യത്തൊഴിലാളികൾ ഏറെയുള്ള കൊച്ചി നിയമസഭ മണ്ഡലത്തിൽ ആഴക്കടൽ ആരോപണത്തിനെതിരെ ആഞ്ഞടിച്ചും ശബരിമല വിഷയം യു.ഡി.എഫ് പ്രചാരണായുധമാക്കിയ തൃപ്പൂണിത്തുറയിൽ അതിനെക്കുറിച്ച് മിണ്ടാതെയും മുഖ്യമന്ത്രി പിണറായി വിജയൻ.
തോപ്പുംപടി ഹാർബറിനു സമീപം കൊച്ചി സ്ഥാനാർഥി കെ.ജെ. മാക്സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലെത്തിയ മുഖ്യമന്ത്രി, മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വാചാലനായി. ഇതിനിടെയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾക്ക് അനുമതി നൽകിയ ആദ്യനടപടി കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാറിേൻറതായിരുന്നുവെന്ന് പറഞ്ഞ് വിഷയത്തിലേക്ക് കടന്നത്. പിന്നീട് മറ്റുപാർട്ടികൾ കൂടി ഉൾപ്പെട്ട സർക്കാറാണ് നിലപാട് തിരുത്തിയത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ശക്തികൾക്ക് സാധ്യമല്ലാത്ത വിധം നിയമനിർമാണം നടത്തും. 5000 കോടിയുടെ പാക്കേജാണ് തീരമേഖലക്കായി നടപ്പാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൃപ്പൂണിത്തുറയിൽ എം. സ്വരാജിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനവേദിയിലെത്തിയപ്പോൾ, കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തിയ പി.സി. ചാക്കോയുടെ പ്രസംഗമാണ് പിണറായിയെ വരവേറ്റത്.
ബി.ജെ.പിക്കെതിരെ ശക്തമായി പ്രതികരിക്കാൻ കഴിയാത്ത കോൺഗ്രസിെൻറ ദുഃസ്ഥിതി വിവരിച്ചായിരുന്നു പ്രസംഗം. ബി.ജെ.പി-കോൺഗ്രസ് അന്തർനാടകങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും തുറന്നടിച്ചു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ ഇത്തവണ തനിക്ക് കിട്ടുമെന്ന് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുതന്നെ തുറന്ന് പറഞ്ഞതോടെ അന്തർധാര വ്യക്തമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ബാബുവിെൻറ പ്രധാന പ്രചാരണായുധമായ ശബരിമല വിഷയത്തെക്കുറിച്ച് മൗനം പാലിച്ചു.
പകരം ബി.ജെ.പി-കോൺഗ്രസ് കൂട്ടുകെട്ട് തുറന്നുകാണിക്കാനാണ് ശ്രമിച്ചത്. തനിക്ക് കോൺഗ്രസ് വോട്ടുകൾ കിട്ടിയെന്ന നേമം സ്ഥാനാർഥിയായിരുന്ന ഒ. രാജഗോപാലിെൻറ പ്രസ്താവനയും ഓർക്കണം. ഇത് കോൺഗ്രസിനെ വലിയ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.