യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു; പിണറായി വിജയൻ
text_fieldsആലപ്പുഴയിൽ കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: കേരളത്തിൽ ആർ.എസ്.എസും ബി.ജെ.പിയും അധികാരത്തിലില്ലെങ്കിലും അവരുടെ അജണ്ടകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാറെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കർഷകസംഘം 28ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ആലപ്പുഴ മഹേശ്വരി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരും യുവാക്കളും തൊഴിലാളികളും അടക്കമുള്ള ഇന്ത്യയിലെ അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളെയെല്ലാം വർഗീയതയിലൂടെ മറച്ചുപിടിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും കാർഷിക മേഖല സമ്പൂർണമായി കോർപറേറ്റുകൾക്ക് തീറെഴുതി കഴിഞ്ഞെന്നും പിണറായി പറഞ്ഞു. വന്ദേമാതരം, പി.എം ശ്രീ, വഖഫ് ബോർഡ് വിഷയങ്ങളിൽ യു.ഡി.എഫ് സർക്കാർ സംഘ്പരിവാറിന്റെ അജണ്ടകൾ നടപ്പാക്കുകയാണ്. രാജ്യത്തെ മതേതരമായി നിലനിർത്തണമെന്ന് നിർബന്ധമുണ്ടായിരുന്ന കോൺഗ്രസിലേതടക്കമുള്ള നേതാക്കളുടെ തീരുമാനപ്രകാരമാണ് വന്ദേമാതരത്തിലെ ആദ്യ വരികൾ മാത്രം പാടിയാൽ മതിയെന്ന് തീരുമാനിച്ചത്. എന്നാൽ, സത്യപ്രതിജ്ഞ ചടങ്ങു മുതൽ അത് ലംഘിച്ചു.
കോർപറേറ്റുകൾക്ക് രാജ്യം തീറെഴുതുന്നതിനെതിരെ കർഷകരും യുവാക്കളും വിദ്യാർഥികളും നടത്തിയ പോരാട്ടത്തിനു മുന്നിൽ മോദി സർക്കാറിന് കീഴടങ്ങേണ്ടിവന്നത് വലിയ പ്രതീക്ഷയാണെന്നും പിണറായി പറഞ്ഞു. കർഷക സംഘം സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ, കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ, പ്രസിഡന്റ് ഡോ. അശോക് ധാവ്ല, ഇ.പി. ജയരാജൻ, പി. കൃഷ്ണപ്രസാദ്, സജി ചെറിയാൻ, സി.എസ്. സുജാത, ആർ. നാസർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

