ഓരോ ഫയലും ഓരോ ജീവിതം; പൂർണത നേടാനായില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് കരുതി നടപടികളെടുക്കാനുള്ള നിർദേശം പൂർണതയിൽ എത്തിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.കെ.ജി ഹാളിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് 2019ൽ അധികാരമേറ്റപ്പോൾ പറഞ്ഞിരുന്നു. അത് നല്ലതോതിൽ ജീവനക്കാർക്കിടയിൽ പൊതുബോധമായി വന്നു. നല്ല മാറ്റമുണ്ടായി. എന്നാൽ, പൂർണതയിലേക്ക് എത്തിയിട്ടില്ല.
ഓരോരുത്തരും പ്രവർത്തിക്കുന്നിടത്ത് ശരിയായ രീതിയിൽ കാര്യങ്ങൾ നിറവേറ്റുന്നുണ്ടോയെന്ന് സ്വയം പരിശോധിച്ചുപോകണം. ഫയൽ തീർപ്പാക്കൽ നടപടി തുടങ്ങി. നല്ല ഫലമുണ്ടാക്കി. എന്നാൽ, ചിലർ കുറച്ചു പിറകോട്ടുപോയി. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ എന്താണ് അവസ്ഥയെന്ന് സ്വയം പരിശോധിച്ച് വിലയിരുത്തി കുറവുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകണം. ആളുകൾക്ക് പെട്ടെന്ന് കാര്യങ്ങൾ നടന്നുകിട്ടുകയാണ് പ്രധാനം. ഭരണനടപടികൾ അതിവേഗത്തിലാകുക എന്നത് പ്രധാനമാണ്.
മതനിരപേക്ഷത സംരക്ഷിക്കാൻ ബാധ്യതയുള്ള കേന്ദ്ര ഭരണകൂടത്തിന്‍റെ നടപടികൾ മതനിരപേക്ഷത തകർക്കുന്നതായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളിൽ ഗാന്ധിജിയും മുഗൾ ചരിത്രവുമൊക്കെ വെട്ടിമാറ്റിയത് ഒടുവിലത്തെ ഉദാഹരണമാണ്.
ഗാന്ധിവധത്തിലെ സംഘ്പരിവാർ ബന്ധം മറച്ചുപിടിക്കാനാണ് ഗാന്ധിയെക്കുറിച്ച പാഠങ്ങൾ ഒഴിവാക്കിയത്. ചരിത്രം ശരിയായ രീതിയിൽ കുട്ടികൾ പഠിക്കുന്നതിനെ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത സംഘ്പരിവാർ ഭയക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.