ശബരിമല: സർക്കാർ വാദങ്ങൾ ഹൈകോടതി വിശ്വാസത്തിലെടുത്തു -മുഖ്യമന്ത്രി
text_fieldsശബരിമല: ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പൊതുവിൽ അംഗീകരിക്കുന്നതാണ് ഹൈകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യഥാർഥ ഭക്തരെ കലാപകാരികളിൽ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ് ശബരിമലയിൽ പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ ദർശനത്തിന് എത്തുന്ന യഥാർഥഭക്തർക്ക് തടസം കൂടാതെ ദർശനം നടത്താൻ ഉദ്ദേശിച്ചുള്ളതാണ് നിരോധനാജ്ഞയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിൽ സമാധാന അന്തരീക്ഷം തകർക്കാനോ നശിപ്പിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ, സമാധാന അന്തരീക്ഷം തകർത്താൽ അത്തരം വ്യക്തികളെ കണ്ടെത്താനും അവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാനും പോലീസിന് അധികാരമുണ്ട് എന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ശബരിമലയിൽ അക്രമികളെ നേരിടുന്നതിന് പോലീസിന് പൂർണ അധികാരം നൽകുന്നതാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് യഥാർഥ ഭക്തർക്ക് ബുദ്ധമുട്ടുണ്ടാക്കരുതെന്ന് കോടതി നിർദേശിക്കുന്നു.
വാദത്തിനിടയിൽ നടന്ന ചോദ്യങ്ങളെ വിമർശനമായി മാധ്യമങ്ങൾ ഉന്നയിക്കുകയാണ്. അവ കോടതി ഉത്തരവുകളിൽ പറഞ്ഞിട്ടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനെയും 14 പേജുള്ള ഉത്തരവിൽ വിമർശിക്കുന്നില്ല. എ.ജിയും പോലീസും പറഞ്ഞ കാര്യങ്ങൾ കോടതി വിശ്വാസത്തിൽ എടുക്കുന്നുമുണ്ട്. സന്നിധാനത്ത് ശരണം വിളി തടഞ്ഞിട്ടില്ല. നവംബർ 22ലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഭക്തർക്ക് ഒറ്റക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ ഈ ഉത്തരവ് പ്രകാരം യാതൊരു തടസ്സവുമില്ല.
യഥാർഥ ഭക്തർക്ക് സർക്കാരിൻെറ ഭാഗത്തുനിന്ന് യാതൊരു തടസവും ഉണ്ടായിട്ടില്ല. എന്നാൽ ശബരിമലയിൽ കലാപമുണ്ടാക്കുന്നവർക്കും ഭക്തരെ തടയാൻ ശ്രമിക്കുന്നവർക്കും എതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ശരിയായ ഭക്തരെ ആരെയും തടഞ്ഞിട്ടില്ലെന്ന് മാത്രമല്ല അവരെ കലാപകാരികളിൽ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.