ആർ.എസ്.എസിന്‍റെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ് സി.ബി.ഐ: മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.ബി.ഐ പൂർണമായും ആർ.എസ്.എസിന് നിയന്ത്രിക്കാൻ കഴിയുന്ന ഏജൻസിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട കോടതി നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഒരന്വേഷണത്തേയും ഭയപ്പെടുന്നില്ല. രാജ്യവ്യാപകമായി സി.പി.എം വേട്ട നടക്കുന്നുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ വേട്ടയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇത് ആഘോഷമാക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
സർക്കാർ നിലപാട് ശരിയാണ്. ഇക്കാര്യത്തിൽ ബാഹ്യശകതികൾക്ക് വഴങ്ങേണ്ട സ്ഥിതി പൊലീസിനില്ല. വധക്കേസുകളിൽ സംഭവുമായി ബന്ധമില്ലാത്തവരെ സി.ബി.ഐ നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.പി.എമ്മിനെ വേട്ടയാടാനാണ് ഉദ്ദേശമെങ്കിൽ അതിനെ എതിർക്കും. പൊലീസ് ശരിയല്ലെന്ന് സർക്കാർ തന്നെ പറഞ്ഞാൽ പിന്നെ പൊലീസ് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഹൈകോടതിക്ക് അവരുടേതായ ന്യായങ്ങളുണ്ടാകാമെന്നും അതെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഉദ്ദേശത്തോട് കൂടി ഈ കേസിൽ ഇടപെട്ടാൽ അംഗീകരിക്കില്ല. വിധിന്യായത്തിൽ തെറ്റായ പരാമർശം ഉണ്ടെങ്കിൽ അത് മാറ്റിക്കിട്ടാൻ കോടതിയെ സമീപിക്കുന്ന കാര്യം സർക്കാർ തീരുമാനിക്കും. യഥാർത്ഥ പ്രതികളെ കണ്ടെത്താനാണ് അന്വേഷണമെങ്കിൽ അതിനെ സ്വാഗതം ചെയ്യും.
അന്വേഷണവുമായി സഹകരിക്കാത്തതു കൊണ്ടാണ് എം.എം. അക്ബറിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. പീസ് സ്കൂളിലെ പുസ്തകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് നിയമ നടപടി. ഉള്ളടക്കം അക്ബർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും പൊലീസ് അത് കണക്കിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശികലക്കെതിരെയും കേസെടുത്തിട്ടുണ്ട്. എങ്കിൽ അറസ്റ്റുണ്ടാകാത്തത് എന്തെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.