പിണറായിയുടെ വാവിട്ട വാക്കുകൾ തിരിഞ്ഞുകൊത്തി; വിവാദമായിട്ടും തിരുത്താൻ തയാറായില്ല
text_fieldsതിരുവനന്തപുരം: ‘ചെറ്റത്തരം’ മുതൽ ‘വീട്ടിൽ പോയി ചോദിക്കണം’ എന്നതുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിരുവിട്ട പരാമർശങ്ങൾ സി.പി.എമ്മിനെ തെരഞ്ഞെടുപ്പിൽ തിരിഞ്ഞുകൊത്തി. പ്രയോഗങ്ങൾ വിവാദമായിട്ടും തിരുത്താൻ തയാറായില്ലെന്ന് മാത്രമല്ല, പറഞ്ഞതിലുറച്ച് ന്യായീകരിക്കുകയായിരുന്നു അദ്ദേഹം.
ഇത് യു.ഡി.എഫ് പ്രചാരണായുധമാക്കിയതോടെ നിക്ഷ്പക്ഷ വോട്ടുകൾ വലിയതോതിൽ കളംമാറി. പാർട്ടി വിട്ട ജി. സുധാകരനെകുറിച്ച് പ്രതികരിക്കവെയാണ് ‘ചെറ്റത്തരം’ എന്ന പരാമർശം മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. ഇതാകട്ടെ സഹതാപ തരംഗത്തിന് സമാനമായ സാഹചര്യം ജി. സുധാകരന് അനുകൂലമായി അമ്പലപ്പുഴയിലുണ്ടാക്കി. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ഇതിന്‍റെ അനുരണനങ്ങളുണ്ടായി.
സംസ്ഥാന രാഷ്ട്രീയത്തിൽ ‘കരുത്തനായ നേതാവ്’ എന്ന പ്രതിച്ഛായ നിലനിർത്താൻ പിണറായി വിജയൻ ഉപയോഗിക്കുന്ന ശൈലി ധിക്കാരപരമാണെന്നതിന് തെളിവായാണ് ഈ പരാമർശങ്ങൾ വിലയിരുത്തപ്പെട്ടത്. ‘കടക്ക് പുറത്ത്’ എന്ന പ്രയോഗം മുതൽ പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ മുതിർന്ന സ്വന്തം പാർട്ടിക്കാരനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് തിരിച്ചടിച്ചതിലേക്കുള്ള രാഷ്ട്രീയ ദൂരത്തിനിടെ സമാനമായ പല ഉദാഹരണങ്ങളുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയില്‍ സി.പി.എമ്മിനെ ശക്തമായി വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിനെതിരെ ‘‘പുരോഹിതരുടെ ഇടയിലും വിവരദോഷികളുണ്ടാകും’’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സിനിമ സ്റ്റൈലിൽ നടത്തിയ ‘നീ പോ മോനേ വിജയാ’ പ്രയോഗത്തിന് ‘നീ പോ മോനേ ഡാഷ് മോനേ’ എന്ന മുഖ്യമന്ത്രിയുടെ തിരിച്ചടി അണികളും ആരാധകരും ആഘോഷിച്ചെങ്കിലും പൊതുസമൂഹത്തിലുണ്ടാക്കിയത് എതിർവികാരമായിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി മാറുന്നതാണ് നല്ലത് -സണ്ണി ജോസഫ്
ഇരിട്ടി (കണ്ണൂർ): പ്രതിപക്ഷ നേതൃസ്ഥാനം ആർക്ക് നൽകണമെന്നത് സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണെങ്കിലും ജനങ്ങൾ തിരസ്‌കരിച്ച പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതാണ് സി.പി.എമ്മിന് നല്ലതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇരിട്ടിയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ധിക്കാരത്തിന് ജനം നൽകിയ അടിയാണ് യു.ഡി.എഫിന്റെ വൻവിജയം.
യു.ഡി.എഫ് പറഞ്ഞ കാര്യങ്ങൾ ജനം ഏറ്റെടുക്കുകയും വിശ്വസിക്കുകയും ചെയ്തതിന്റെ തെളിവാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ എല്ലാ ആരോപണങ്ങളും വസ്തുതാപരമായി അന്വേഷിക്കും. വയനാട് ദുരിതബാധിതർക്ക് സർക്കാർ നൽകേണ്ട വീടുകളുടെ കൈമാറ്റവും പാർട്ടി നൽകേണ്ട വീടുകളുടെ നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കും. പാർട്ടി നിർമിക്കേണ്ട വീടുകളുടെ കാര്യത്തിൽ ജില്ലയിലെ മൂന്ന് എം.എൽ.എമാരും എം.പിയും പാർട്ടി നേതൃത്വവും കൂട്ടായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

