പി.കെ. ശ്രീമതിക്ക് വിലക്ക്; സി.പി.എമ്മിൽ അസാധാരണ തർക്കം
text_fieldsതിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് വിവാദം. സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ ശ്രീമതിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്നാണ് റിപ്പോർട്ട്. വാർത്ത നിഷേധിച്ച് ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശ്രീമതിയും രംഗത്തുവന്നു. കഴിഞ്ഞ 19ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം.
യോഗത്തിലിരുന്ന പി.കെ. ശ്രീമതിയോട് പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും പിണറായി വിജയന് പറഞ്ഞു. തുടർന്നും യോഗത്തിൽ പങ്കെടുത്ത ശ്രീമതി ജനറൽ സെക്രട്ടറിയോടും സംസ്ഥാന സെക്രട്ടറിയോടും സംസാരിച്ചാണ് യോഗത്തിനെത്തിയതെന്ന് മറുപടി നൽകി. ഇതിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പി.കെ. ശ്രീമതി പങ്കെടുത്തില്ല. എന്നാൽ, സംസ്ഥാന സമിതിയിൽ പങ്കെടുക്കുകയും ചെയ്തു.
മേൽകമ്മിറ്റിയംഗങ്ങൾ കീഴ്ഘടകങ്ങളിൽ പങ്കെടുക്കുന്നത് സി.പി.എമ്മിൽ കാലങ്ങളായി തുടരുന്ന കീഴ്വഴക്കമാണ്. പി.ബിയിൽ രണ്ടു തവണ പ്രായപരിധി ഇളവ് ലഭിച്ച പിണറായി വിജയൻ ആ നിലയിലാണ് 79 വയസ്സിലും സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നത്. 75 വയസ്സ് പ്രായപരിധി നിബന്ധന പ്രകാരം ശ്രീമതിയെ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് എന്ന പരിഗണനയിൽ മധുര പാർട്ടി കോൺഗ്രസിൽ പ്രത്യേക ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കേന്ദ്രകമ്മിറ്റിയംഗങ്ങൾ കീഴ്ഘടകങ്ങളിൽ പങ്കെടുക്കുന്ന പതിവനുസരിച്ചാണ് ശ്രീമതി സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. കേന്ദ്ര നേതൃത്വം താൽപര്യമെടുത്ത് കേന്ദ്രകമ്മിറ്റിയിൽ ഇളവ് നൽകിയതിൽ പിണറായി വിജയന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
ശ്രീമതിയുടെ വിലക്ക് സംബന്ധിച്ച് ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറയുന്നതിലും വൈരുധ്യമുണ്ട്. വിലക്ക് പരോക്ഷമായി അംഗീകരിക്കുകയാണ് എം.വി. ഗോവിന്ദൻ. മഹിളാ അസോസിയേഷൻ ദേശീയ ഭാരവാഹിയെന്ന നിലയിൽ കേന്ദ്രകമ്മിറ്റിയിലെടുത്തത് കേരളത്തിൽ സംഘടനാപ്രവർത്തനം നടത്താനല്ല, അഖിലേന്ത്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ശ്രീമതിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാമെന്ന തീർപ്പാണ് ജനറൽ സെക്രട്ടറിയുടെ വാക്കിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.