'അര ട്രൗസറിട്ട് അങ്ങാടിയിൽ നടന്ന ബിലാലിനെ വളർത്തിയത് മേരി ടീച്ചറാണ്, ആ ടീച്ചറുടെ തലക്ക് ഗുണ്ടെറിഞ്ഞാൽ, പൊന്നുമോനെ ബിലാലെ, മുട്ടിന്റെ ചിരട്ട കാണൂല'; പി.കെ.ശശിക്ക് മുന്നറിയിപ്പുമായി ആർഷോ
text_fieldsപാലക്കാട്: സി.പി.എം നേതാവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്കെതിരെ ഭീഷണിയും മുന്നറിയിപ്പുമായി പാലക്കാട് ജില്ല കമ്മിറ്റിയംഗം പി.എം ആർഷോ. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് പി.കെ ശശിക്കെതിരെ പരോക്ഷ മുന്നറിയിപ്പ് നൽകിയത്. ഏരിയ കമ്മിറ്റി ഓഫീസ് ഓരോ സി.പി.എം. പ്രവർത്തകന്റെയും വൈകാരികതയാണെന്നും, അതിനു നേരെ ആക്രമണം ഉണ്ടായാൽ ജനാധിപത്യപരമായ മറുപടി മാത്രമല്ല, വൈകാരികമായ തിരിച്ചടിയും ഉണ്ടാകുമെന്നും ആർഷോ പറഞ്ഞു.
'കരക്കാമുറി ഷൺമുഖനും ബിലാലുമാണ് എന്നാണ് ചിലരുടെ വിചാരം, വെറും പടക്കം ബഷീറാണ് എന്ന് എല്ലാവർക്കും മനസിലായി. ബിലാൽ അര ട്രൗസറുമിട്ട് അങ്ങാടിയിൽ കൂടി നടന്ന കാലമുണ്ടായിരുന്നു. അന്ന് ബിലാല് ഒരു ബിലാലുമായിരുന്നില്ല. മേരി ടീച്ചർ കൂട്ടികൊണ്ടുപോയി തിന്നാനും കുടിക്കാനും കൊടുത്ത് നേരെ നിവർന്ന് നിൽക്കാൻ പ്രാപ്തനാക്കിയതാണ്. നേരെ നിന്ന് തുടങ്ങിയപ്പോൾ ബിലാല് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലക്ക് ഗുണ്ടെറിയാൻ ആളെ പറഞ്ഞുവിട്ടാൽ, പൊന്നുമോനെ ബിലാലെ, മേരി ടീച്ചർക്ക് വേറെയുമുണ്ട് മക്കൾ, അവര് ഇറങ്ങിയാൽ മുട്ടിന്റെ ചിരട്ട കാണൂല'- പി.എം ആർഷോ പറഞ്ഞു.
'കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് 'എന്ന മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് പറഞ്ഞാണ് പി.കെ ശശി കഴിഞ്ഞ ദിവസം വിമർശനങ്ങൾ ഉന്നയിച്ചത്. അതിന് മറുപടിയായാണ് ആർഷോയുടെ അതേ ശൈലിയിലുള്ള മറുപടി.
അതേസമയം, മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ പ്രതി അഷറഫിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആര്‍ഷോയുടെ പ്രതികരണം. ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല എന്ന് അഷറഫിനെ ഓർമ്മിപ്പിക്കുന്നു എന്നായിരുന്നു ആര്‍ഷോയുടെ വാക്കുകൾ.
അതേസമയം, സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞത് സി.പി.എം ലോക്കൽ സെക്രട്ടറി മൻസൂറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജും പറഞ്ഞിട്ടാണെന്ന് പ്രതി അഷ്റഫ് കല്ലടി പറഞ്ഞു. തമാശയ്ക്ക് ചെയ്തതാണെന്നും ഇത്രവലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷില്ലെന്നും തന്നെ ചതിച്ചതാണെന്നും അഷ്റഫ് പറഞ്ഞു.
മണ്ണാർക്കാട് നടന്ന സി.പി.എം പ്രതിഷേധ പ്രകടനത്തിൽ പി.കെ.ശശിക്കെതിരെ കൊലവിളിയും ഉയർന്നു.
"ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ...ഞങ്ങൾക്കുണ്ടൊരു പരിപാടി. അരിവാൾ കൊണ്ടൊരു പരിപാടി. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ബിലാൽ എന്നൊരു വേട്ടപട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐ.ആർ.എട്ടിന് വളമാക്കും. സി.പി.എമ്മാ പറയുന്നെ"- മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻ.കെ നാരയണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.