മോദി തളിപ്പറമ്പിലെത്തും? ദേശീയ സുരക്ഷാസേന മോക്ഡ്രിൽ നടത്തി; മുന്നൊരുക്കം തകൃതി
text_fieldsതളിപ്പറമ്പ്: പ്രധാനമന്ത്രി തളിപ്പറമ്പ് സന്ദർശിക്കുമെന്ന പ്രചാരണങ്ങൾക്കിടെ ദേശീയ സുരക്ഷാസേനയുടെ മോക്ഡ്രില്ലും സംസ്ഥാന സുരക്ഷാ മേധാവികളുടെ യോഗവും നടന്നു.
പ്രധാനമന്ത്രിയുടെ രാജരാജേശ്വര ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായ സുരക്ഷ വിലയിരുത്തുന്നതിനായാണ് ഉന്നത പൊലീസ്, വിവിധ വകുപ്പ് മേധാവികളുടെ യോഗം നടന്നത്. ബുധനാഴ്ച രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലായിരുന്നു യോഗം.
കണ്ണൂർ റൂറൽ പൊലീസ് സൂപ്രണ്ട് അനൂജ് പലിവാൾ, രഹസ്യാന്വേഷണവിഭാഗം പൊലീസ് സൂപ്രണ്ട് സാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിൽ ഉൾപ്പെടെയുള്ള പൊലീസ് ഓഫിസർമാരും ഫയർഫോഴ്‌സ്, വനം, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങൾ പരിശോധിച്ചു. തുടർന്ന് സംഘം പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സന്ദർശിച്ചു. അർധരാത്രി മുതൽ പുലർച്ചെ നാലുവരെ ചെന്നൈ എൻഎസ്ജി സംഘമാണ് മോക് ഡ്രിൽ നടത്തിയത്. രാത്രി 11 ഓടെ എത്തിയ ദേശീയ സുരക്ഷാസേനയുടെ 150 അംഗസംഘം രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനി ക്ഷേത്രത്തിലും എത്തിയ തീവ്രവാദികളെ പിടികൂടുന്നതിന്റെ മോക്‌ഡ്രില്ലാണ് നടത്തിയത്. പ്രദേശത്തെ വൈദ്യുത ബന്ധവും ഗതാഗതവും ഉൾപ്പെടെ തടഞ്ഞുകൊണ്ടാണ് പരിശീലനം നടത്തിയത്. സിനിമാ നിർമിതാവും പ്രവാസി വ്യവസായിയുമായ മൊട്ടമ്മൽ രാജൻ നിർമിച്ച് രാജരാജേശ്വര ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന വാർത്തക്ക് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.