ഊഹക്കച്ചവടം മുഴുവൻ നഷ്ടത്തിൽ; പി.എൻ.ബി ഫണ്ട് വെട്ടിപ്പ് പ്രതി ഒളിവിൽതന്നെ
text_fieldsകോഴിക്കോട്: പി.എൻ.ബി ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ മുൻ സീനിയർ മാനേജർ റിജിൽ ഒളിവിൽതന്നെ. പ്രതി കോർപറേഷന്റെയടക്കം പണമെടുത്ത് നടത്തിയ ഊഹക്കച്ചവടത്തിൽ ഭൂരിപക്ഷവും വൻ നഷ്ടത്തിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. പ്രതി സംസ്ഥാനം വിട്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് വിമാനത്താവളങ്ങളിൽ അറിയിപ്പ് നൽകി.
ഓഹരികൾ വാങ്ങുന്നതിനു പകരം ഊഹക്കച്ചവടത്തിൽ പണമിറക്കിയതാണ് 10 കോടിയോളം പെട്ടെന്ന് നഷ്ടപ്പെടാൻ കാരണമായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.
കിട്ടിയാൽ ഉയർന്ന ലാഭം, നഷ്ടമുണ്ടായാൽ വൻ നഷ്ടം എന്നതായിരുന്നു അവസ്ഥ. രേഖകൾ പരിശോധിച്ചതിൽ പ്രതിയുടെ കച്ചവടത്തിൽ ചെറിയ ലാഭം മാത്രമേ കിട്ടിയിട്ടുള്ളൂവെന്നാണ് കണ്ടെത്തിയത്.
ഇപ്പോൾ കണ്ടുപിടിച്ച ക്രമക്കേടുകൾക്ക് മുമ്പും ചെറിയ രീതിയിൽ പ്രതി ഊഹക്കച്ചവടത്തിൽ പണമിറക്കിയതായി കണ്ടെത്തി.
എന്നാൽ, ഒന്നര വർഷം മുമ്പാണ് വൻതുക ഇറക്കാൻ തുടങ്ങിയത്. മറ്റ് അക്കൗണ്ടുകളിൽനിന്ന് തിരിമറി നടന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. രാജ്യത്തെ മുൻനിര ബ്രോക്കറിങ് സ്ഥാപനമായ സെറോദ വഴിയായിരുന്നു പ്രതിയുടെ ഇടപാടുകൾ.
മുൻകൂർ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: ബാങ്ക് അക്കൗണ്ടിൽനിന്ന് കോർപറേഷന്റേതടക്കം കോടികൾ അനധികൃതമായി പിൻവലിച്ച് തിരിമറി നടത്തിയ കേസിലെ പ്രതി പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ നായർകുഴി ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിലിന്റെ (32) മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന പൊലീസ് റിപ്പോർട്ട് കണക്കിലെടുത്ത് മുൻകൂർ ജാമ്യമനുവദിക്കാവുന്ന കേസല്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി.
പ്രതി താനിരിക്കുന്ന സ്ഥാനത്തിന് അത്യാവശ്യമായ സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിച്ചില്ലെന്ന പ്രോസിക്യൂട്ടർ അഡ്വ. എം. ജയദീപിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തിന് ദോഷമാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തട്ടിപ്പ് നടന്ന സാഹചര്യത്തിൽ ബാങ്ക് റിജിലിനെ സസ്പെൻഡ് ചെയ്തതായും അധികൃതർ വിരലടയാളവും പാസ്വേഡും മറ്റും തന്ത്രപൂർവം ദുരുപയോഗപ്പെടുത്തി കുടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.