‘ചെയ്ത തെറ്റ് വ്യക്തമാക്കൂ, തിരുത്താൻ തയ്യാർ’-എം.വി ജയരാജന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ
text_fieldsതിരുവനന്തപുരം: തെറ്റ് തിരുത്തിയാൽ പാർട്ടി വിട്ടവർക്ക് തിരിച്ചുവരാമെന്ന സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ മറുപടിയുമായി പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ രംഗത്ത്. താൻ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കാൻ സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും, അത് വ്യക്തമാക്കാതെ തിരുത്തൽ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘തിരിച്ചുവരാം എന്നുള്ളതാണ്, പക്ഷേ എന്ത് തെറ്റാണ് ചെയ്തതെന്ന് പറഞ്ഞാലല്ലേ അത് തിരുത്താൻ സാധിക്കൂ?, എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുമ്പോൾ എന്ത് തെറ്റാണ് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നില്ല. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് സി.പി.എം നേതൃത്വം പറഞ്ഞാൽ അതിനനുസരിച്ചുള്ള പ്രതികരണം എന്റെ ഭാഗത്തുനിന്നുണ്ടാകും. എന്നാൽ, തെറ്റ് ചൂണ്ടിക്കാണിക്കാതെ തിരുത്താൻ കഴിയില്ലല്ലോ’-വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അച്ചടക്ക നടപടികൾക്ക് വിധേയരാകുന്നവർക്കെതിരെ സി.പി.എം എല്ലാകാലത്തും പ്രയോഗിക്കുന്ന ഒരു പ്രത്യേക സമീപനമാണ് അവരുടെ പ്രത്യേക പദാവലികളെന്ന്ള അദ്ദേഹം വിമർശിച്ചു. ‘വർഗ്ഗവഞ്ചകൻ’, ‘കോടാലിക്കൈ’, ‘ഒറ്റുകാരൻ’ തുടങ്ങിയ ഒട്ടേറെ പദാവലികൾ അവരുടെ നിഘണ്ടുവിലുണ്ട്. ഇത്തരം വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ താൻ ഉന്നയിച്ച വിഷയങ്ങൾ പരോക്ഷമായി സി.പി.എം നേതൃത്വം ഇപ്പോൾ അംഗീകരിക്കുന്നുണ്ടെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ‘സ്ഥാനാർഥി നിർണയം തെറ്റായിപ്പോയി എന്ന് സി.പി.എം നേതൃത്വം തന്നെ ഇപ്പോൾ പരോക്ഷമായി സമ്മതിക്കുകയാണ്. ഞാൻ ഉന്നയിച്ച വിഷയം ശരിയാണെന്ന് നേതൃത്വം മാറുമ്പോൾ, യഥാർഥത്തിൽ തെറ്റ് ചെയ്തത് ആരാണെന്ന് പരിശോധിക്കേണ്ടേ?’-എന്ന് അദ്ദേഹം ചോദിച്ചു.
താൻ എന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നും, മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. തന്നെ ബോധപൂർവ്വം ‘യു.ഡി.എഫ് കാരനാക്കാൻ’ സി.പി.എമ്മും ദേശാഭിമാനിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘സ്വതന്ത്ര സ്ഥാനാർഥിയായാണ് ഞാൻ മത്സരിച്ചത്, നിയമസഭയിലും സ്വതന്ത്രനായി തന്നെയാണ് പ്രവർത്തിക്കുന്നത്.പി.എം ശ്രീ പദ്ധതിയുമായും വിഴിഞ്ഞം കരാറുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച രേഖകൾ എൽ.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.‘ പി.എം ശ്രീ ഒപ്പിട്ടത് യു.ഡി.എഫ് അല്ല, എൽ.ഡി.എഫ് ആണ്.
ഇതിന് മറുപടി പറയാൻ സി.പി.എം നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അത് വിശദീകരിക്കാതെ യു.ഡി.എഫിനെക്കുറിച്ച് സംസാരിക്കാൻ അവർക്ക് അവകാശമില്ല. എൽ.ഡി.എഫ് എവിടെയാണോ പി.എം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർത്തിയത്, അവിടെത്തന്നെ നിൽക്കുകയാണ്. പുതിയ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

