സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം: മോട്ടോർ വാഹന വകുപ്പ്
text_fieldsകൊച്ചി: ബസ് യാത്രക്കാരോടും കാൽനടയാത്രക്കാരോടും മാന്യമായി പെരുമാറാത്ത സ്വകാര്യ ബസ് ജീവനക്കാർക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ കാറ്റിൽപറത്തി യാത്രക്കാരോട് തോന്നുംവിധം പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടി ശക്തമാക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ഉൾപ്പെടെയുള്ളവ നിർബദ്ധമാക്കാനുള്ള നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് എം.വി.ഡി.
ഈയടുത്തായി വ്യപകമായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ നീക്കം. നിയമം ലംഘിച്ചാൽ 7,500 പിഴ ഈടാക്കുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിക്കും. കൂടാതെ, പി.സി.സിയില്ലാത്ത ജീവനക്കാരെ ജോലിക്കെടുത്താൽ ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന മുന്നറിയിപ്പും വകുപ്പ് നൽകി.
പരാതി വ്യാപകമായി ലഭിച്ച പശ്ചാത്തലത്തിൽ എം.വി.ഡി ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂരിഭാഗം ജീവനക്കാരുടെയും കൈയിൽ പി.സി.സി. സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ഇതോടെയാണ് പരിശോധനയും നടപടിയും കൂടുതൽ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്.
അലക്ഷ്യമായ ഡ്രൈവിങ്, അനുവദിച്ചതിനേക്കാൾ കൂടുതൽ വേഗത, ട്രാഫിക് സിഗ്‌നലുകളിലെ ലംഘനം, യാത്രക്കാരോടും കാൽനടയാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡരികിലെ നിയമലംഘനങ്ങൾ തുടങ്ങിയ പരാതികൾ വ്യാപകമായി ലഭിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന സംഘടിപ്പിച്ചത്.
കൂടാതെ, നിയമലംഘനം നടത്തുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ തെളിവുസഹിതം പരാതി നൽകുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനും നടപടി എടുക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധന നടത്തിയതോടെ പി.സി.സി ഇല്ലാതെ ജോലി ചെയ്യുന്നതിന് പുറമെ ചില ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതായും ക്രിമിനൽ കേസുകളിൽ പ്രതികളായവരുണ്ടെന്നുമുള്ള റിപ്പോർട്ടുകളും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പരിശോധന ശക്തമാക്കിയതോടെ പി.സി.സി ഹാജരാക്കാത്ത ജീവനക്കാർക്ക് ഒരു കാരണവശാലും സർവീസിന് ഇറങ്ങാനാകില്ലെന്നാണ് എം.വി.ഡിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിലും മറ്റും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

