ഇടിയൻ പൊലീസല്ല, ഇത് നന്മയുടെ പൊലീസ്; ഗൂഗ്ൾ മാപ്പ് നോക്കി പോയി തോട്ടത്തിൽ കുടുങ്ങിയ കുടുംബത്തിന് സഹായമായി പഴയന്നൂർ പൊലീസ്
text_fieldsഎസ്.സി.പി.ഒ ശിവകുമാറും സി.പി.ഒ മുഹമ്മദ് ഷാനും
തിരുവില്വാമല (തൃശൂർ): എല്ലാ പൊലീസുകാരെയും ഇടിയൻ പൊലീസായി കാണരുത്. ഏത് ആപത്ഘട്ടത്തിലും രക്ഷകരായി പൊലീസെത്തുമെന്നതിന് തിരുവോണനാളിലെ ഈ സംഭവം ഉദാഹരണം. കാറിൽ പാലക്കാട് കോട്ടായിയിൽനിന്ന് തിരുവില്വാമല പൂതനക്കര ശിവക്ഷേത്രത്തിലേക്ക് വന്ന കുടുംബം ഗൂഗ്ൾ മാപ്പ് നോക്കി പോയി അപകടത്തിൽപെട്ടപ്പോഴാണ് പൊലീസ് രക്ഷകരായത്.
പ്രധാനപാതയിൽ നിന്ന് മാറി ഉൾഭാഗത്ത് റബർ, പൈനാപ്പിൾ തോട്ടത്തിലാണ് ഇവർ കുടുങ്ങിയത്. കാർ തിരിക്കാനോ മുന്നോട്ടെടുക്കാനോ കഴിയാതെ ചെളിയിൽ താണു. എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന ഇവർ ഗൂഗ്ളിൽ നിന്ന് പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒ ശിവകുമാറും സി.പി.ഒ മുഹമ്മദ് ഷാനും ഇവർ അയച്ചു നൽകിയ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. ഒരുപാടന്വേഷിച്ചിട്ടും അയച്ചുകൊടുത്ത ലൊക്കേഷൻ പ്രകാരമുള്ള സ്ഥലം കണ്ടെത്താൻ സാധിച്ചില്ല.
ഒടുവിൽ കാർ കുടുങ്ങിയ സ്ഥലത്തെ പാറകളും മരങ്ങളും അടയാളമായി പറഞ്ഞതോടെ പൊലീസ് പണിപ്പെട്ട് സ്ഥലം കണ്ടെത്തുകയായിരുന്നു. കാർ തോട്ടത്തിലേക്കുള്ള വഴിയിലെ ചാലിൽ താഴ്ന്ന നിലയിലായിരുന്നു. പൊലീസുകാർക്കും വാഹനം ഉയർത്താനായില്ല. തുടർന്ന് പ്രദേശവാസികളായ സുജിത്, ശ്രീജിത്, രഞ്ജിത്ത്, വിഷ്ണു, രാജു വെട്ടുകാടൻ എന്നിവരെ സഹായത്തിനായി പൊലീസ് വിളിച്ച് വരുത്തി അവരുടെ വാഹനത്തിൽ കയർ കെട്ടിവലിച്ച് ചെളിയിൽ താഴ്ന്ന കാർ പുറത്തെടുത്തു.
കുടുംബം പൊലീസിനും യുവാക്കൾക്കും നന്ദി അറിയിച്ച് ക്ഷേത്രദർശനവും നടത്തിയാണ് മടങ്ങിയത്. മാസങ്ങൾക്ക് മുമ്പ് ഗൂഗിൾ മാപ്പ് നോക്കി തിരുവില്വാമലയിൽ നിന്ന് തൃശൂരിലിലേക്ക് പുറപ്പെട്ട കുടുംബം കൊണ്ടാഴി ചെക്ക് ഡാമിൽ അകപ്പെട്ടിരുന്നു. അത്ഭുതകരമായാണ് അന്ന് കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.