അറസ്റ്റ്, നോട്ടീസ് നൽകൽ: സുപ്രീംകോടതി മാർഗരേഖ കർശനമായി പാലിക്കാൻ പൊലീസിന് നിർദേശം
text_fieldsതിരുവനന്തപുരം: വ്യക്തികളെ അറസ്റ്റ് ചെയ്യൽ, നോട്ടീസ് നൽകൽ തുടങ്ങിയവയിലെ നടപടിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മാർഗരേഖകൾ കർശനമായി പാലിക്കാൻ ഡി.ജി.പിയുടെ നിർദേശം. പൊലീസിന്‍റെ ഉത്തരവാദിത്തങ്ങളും പൗരന്മാരുടെ അവകാശങ്ങളും വിവരിച്ചുള്ള പുതുക്കിയ സ്റ്റാൻഡിങ് ഓർഡർ പുറത്തിറക്കി.
പൊലീസ് നൽകുന്ന നോട്ടീസിന്‍റെയും കൈപ്പറ്റ് രസീതിന്‍റെയും മാതൃകയിലും പരിഷ്കാരം വരുത്തി. സ്റ്റേഷനിൽ വിളിച്ചുവരുത്തുന്ന വ്യക്തികളുടെ സംരക്ഷണത്തിന് അന്വേഷണോദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് ഉത്തരവിൽ പറയുന്നു. അന്വേഷണോദ്യോഗസ്ഥരുടെ പ്രവർത്തനം കഴിയുന്നതും പൊലീസ് സ്റ്റേഷനുകളുടെ താഴത്തെ നിലയിൽ നിർവഹിക്കണം. സ്ത്രീകളിൽനിന്ന് വിവരങ്ങൾ അന്വേഷിച്ചറിയാനോ ചോദ്യംചെയ്യാനോ ഉണ്ടെങ്കിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്. സ്ത്രീ താമസിക്കുന്ന സ്ഥലത്ത് കുടുംബാംഗങ്ങളുടെയോ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യേണ്ടത്.
അന്വേഷണോദ്യോഗസ്ഥർ പൊലീസ് സ്റ്റേഷൻ എച്ച്.എസ്.ഒക്ക് നൽകുന്ന ഉപയോഗിച്ച ബുക്ക്ലെറ്റുകൾ, അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം മൂന്നുവർഷംവരെ സൂക്ഷിക്കണം. വിചാരണയുമായി ബന്ധപ്പെട്ട് നിർദിഷ്ട സമയപരിധിക്കുശേഷവും രേഖകൾ സൂക്ഷിക്കേണ്ടതുണ്ടെങ്കിൽ ബന്ധപ്പെട്ട എ.സി.പിയുടെ അനുവാദം വാങ്ങണം. ക്രിമിനൽ നടപടി നിയമസംഹിതയിലെ വ്യവസ്ഥകളും ഉത്തരവുകളും പാലിക്കുന്നതിൽ അന്വേഷണോദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച അച്ചടക്ക നടപടിക്ക് കാരണമാകും. പൊതുജനങ്ങൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാൻ സ്റ്റാൻഡിങ് ഓർഡറിന് പ്രചാരണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.