അമിത് ഷായുടെ സുരക്ഷക്കെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെന്ന് സംശയം, രാത്രി ഡ്യൂട്ടിയിൽ നിന്ന് മാറ്റി കസ്റ്റഡിയിലെടുത്തു
text_fieldsകൊച്ചി: ഇന്നലെ കേരളത്തിൽ എത്തിയ കേന്ദ്രമന്ത്രി അമിത് ഷായുടെ സുരക്ഷക്കായി നിയോഗിച്ച കെ.എ.പി ബറ്റാലിയനിലെ ഉന്നതോദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.
രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചതായി സംശയമുയർന്നതിനെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. കേസെടുത്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ കേരളത്തിലെത്തിയത്. ഇന്ന് ബി.ജെ.പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശൂരിൽ ബിജെപി സംസ്ഥാന ശിൽപശാലയും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.