കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപെട്ടാൽ പൊലീസിനെയോ എക്സൈസിനെയോ അറിയിക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപെട്ടാൽ സ്കൂൾ അധികൃതർ പൊലീസിനെയോ എക്സൈസിനെയോ വിവരമറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022-23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്കൂളുകളിൽ അധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയിൽപെട്ടെങ്കിലും 183 എണ്ണം മാത്രമാണ് എന്ഫോഴ്സ്മെന്റ് അധികൃതരെ അറിയിച്ചത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത്. ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ രക്ഷിക്കാൻ ശ്രമിക്കണം. ഇതിനായി എക്സൈസ്/പൊലീസ് അധികൃതരെ രഹസ്യമായി വിവരമറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികളുണ്ട്. ജൂലൈ 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.
382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തി. ഈ വിദ്യാലയങ്ങളിൽ നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ സ്പെഷൽ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നൽകാൻ പൊലീസ് വകുപ്പിന് നിർദേശം നൽകും. സ്കൂൾ പരിസരങ്ങളിൽ പൊലീസ്, എക്സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം. സ്കൂളുകളിൽ പ്രാദേശികതലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണം. നോ ടു ഡ്രഗ്സ് കാമ്പയിൻ മൂന്നാം ഘട്ടം 2024 ജനുവരി 30ന് അവസാനിപ്പിക്കുംവിധം ആസൂത്രണം ചെയ്യണം.
സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പോസ്റ്ററുകൾ പതിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർഥങ്ങൾ വിൽക്കുന്നില്ലെന്നും ലഹരി വസ്തുക്കൾ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിക്കുന്ന ബോർഡ് രണ്ടാഴ്ചക്കുള്ളിൽ സ്ഥാപിക്കണം.
തദ്ദേശ സ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രത സമിതികൾ ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. ഈ യോഗങ്ങളിൽ ചുമതലയുള്ള എക്സൈസ്/ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, എക്സൈസ് കമീഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.