പ്രതികളുടെ ലൊക്കേഷൻ ലഭിച്ചത് ഫോണിന്റെ ആപ്പിൾ ഐഡിയിൽനിന്ന്, പാണ്ടിക്കാടുനിന്ന് ഷമീറിനെ കൊണ്ടുപോയത് ചാവക്കാടേക്ക്, ഇവിടെവെച്ച് വാഹനം മാറ്റി എറണാകുളം വഴി കൊല്ലത്തേക്ക്; മലപ്പുറം- കൊല്ലം പൊലീസിന്റെ സംയുക്ത നീക്കത്തിൽ പ്രതികൾ വലയിൽ
text_fieldsപിടിയിലായ ഷഹീർ, മുഹമ്മദ് നായിഫ്, അഫ്സൽ, ഹംഷീർ, മുസ്തഫ എന്ന ഫയാസ്, ഷംസീർ
മലപ്പുറം: പാണ്ടിക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ പ്രവാസി ബിസിനസുകാരൻ വി.പി. ഷമീറിനെ കൊല്ലത്തുനിന്ന് പൊലീസ് മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ കൊലക്കേസ് പ്രതിയടക്കം ആറുപേർ പിടിയിലായി. ചാവക്കാട് മണത്തല സ്വദേശി ഹംഷീർ എന്ന ആച്ചിക്ക (30), പൊന്നാനി വെളിയങ്കോട് സ്വദേശി അഫ്സൽ (30), ചാവക്കാട് തെരുവത്ത് മുസ്തഫ എന്ന ഫയാസ് (28), ചാവക്കാട് പുത്തൻകടപ്പുറം സ്വദേശി ഷംസീർ (30), കൊല്ലം കൊട്ടാരക്കര ചക്കുവറക്കൽ സ്വദേശി മുഹമ്മദ് നായിഫ് (29), കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഷഹീർ (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതി ഹംഷീർ, വി.പി. ഷമീറിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ്. പിടിയിലായ ഷംസീർ കൊലക്കേസ് പ്രതിയാണ്.
വ്യാഴാഴ്ച രാവിലെ 11ഓടെ കൊല്ലം അഞ്ചൽ കുരുവികോണത്തുനിന്നാണ് രണ്ടു വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്ന പ്രതികൾ പിടിയിലായതെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം, കൊല്ലം റൂറൽ പൊലീസിന്റെ സംയുക്ത നീക്കത്തിനൊടുവിൽ വാഹനം തടഞ്ഞാണ് പിടികൂടിയത്. ബിസിനസുകാരനുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികളെന്നും എസ്.പി അറിയിച്ചു.
നാട്ടിൽ അവധിക്കെത്തിയ ഷമീറിനെ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഹംഷീറിനെ പിരിച്ചുവിട്ടതും ആനുകൂല്യങ്ങൾ നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പ്രാഥമിക വിവരമെന്ന് ആർ. വിശ്വനാഥ് പറഞ്ഞു.
ഗൾഫിലെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംഭവത്തിനു പിന്നിലുണ്ടോയെന്നതടക്കം ചോദ്യം ചെയ്യലിലൂടെയേ വ്യക്തമാകൂ. പാണ്ടിക്കാടുനിന്ന് ഷമീറിനെ ചാവക്കാട് ഭാഗത്തേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് വാഹനം മാറ്റി എറണാകുളം ഭാഗത്തേക്കും തുടർന്ന് കൊല്ലത്തേക്കും പോവുകയായിരുന്നു. ഷമീറിന്റെ ഫോണിന്റെ ആപ്പിൾ ഐഡിയിൽനിന്ന് ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചതും എറണാകുളം വരാപ്പുഴയിൽനിന്ന് വാഹനത്തിന്റെ ദൃശ്യം ലഭിച്ചതുമാണ് അന്വേഷണത്തിൽ നിർണായകമായത്. വാഹനങ്ങൾ വാടകക്ക് നൽകിയവരുടെ വിവരങ്ങളാണ് ആദ്യം ലഭിച്ചത്.
ഇവരിൽനിന്ന് പ്രതികളെക്കുറിച്ച സൂചന ലഭിച്ചിരുന്നു. പിരിച്ചുവിട്ട ജീവനക്കാരൻ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഷമീറിന്റെ ഭാര്യയിൽനിന്ന് ലഭിച്ചു. വാഹനം വാടകക്ക് നൽകിയവരടക്കമുള്ളവരെ കൂടുതൽ ചോദ്യംചെയ്യലിനുശേഷം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും എസ്.പി അറിയിച്ചു. ജില്ല പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. പ്രതികളെ ഇന്ന് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.