രാത്രി കർഫ്യു നിലവിൽ; കർശന നടപടിയുമായി പൊലീസ്
text_fieldsകണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെത്തിയവർക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നിർദേശം നൽകുന്നു -ഫോട്ടോ: പി. സന്ദീപ്
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യൂ നിലവിൽവന്നു. കർഫ്യൂ നടപ്പാക്കുന്നതിന് മുന്നോടിയായി നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ കോർ കമ്മിറ്റി യോഗം ചേർന്നു. ഡി.ജി.പി ഉൾപ്പെടെ പൊലീസ് ഉന്നതരും കലക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
റമദാൻ നോമ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെ സാരമായി ബാധിക്കാത്ത നിലയിലുള്ള പ്രവർത്തനങ്ങളാകണം ഉണ്ടാകേണ്ടതെന്ന നിർദേശവും നൽകി. എന്നാൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന് വിപരീതമായ നടപടികൾ പലയിടങ്ങളിലും പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായതായി ആക്ഷേപമുണ്ട്.
രാത്രി അനാവശ്യ യാത്രകൾ നടത്തിയവരെ പൊലീസ് തടഞ്ഞ് ചിലർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും മറ്റ് ചിലരെ ഉപദേശിച്ച് മടക്കി അയക്കുകയും ചെയ്തു. ആവശ്യമില്ലാതെ കൂടിനിന്നവർക്കെതിരെയും നടപടിയുണ്ടായി. തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും രാത്രി ഏഴരയോടെ തന്നെ പൊലീസ് കടകൾ അടപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മുതലാണ് രാത്രികാല കർഫ്യു നിലവിൽ വന്നതെങ്കിലും അതിന് മുമ്പ് തന്നെ എല്ലാ ജില്ലകളിലും മുതിർന്ന ഉദ്യോഗസ്ഥർ പ്രധാന സ്ഥലങ്ങളിലെത്തി കച്ചവടക്കാർക്ക് ഉൾപ്പെടെ നിർദേശം നൽകി.
മാളുകളിൽ പരിശോധന കർക്കശമാക്കി. മാളുകൾ, ബാറുകൾ, സിനിമ തിയറ്ററുകൾ എന്നിവയുടെ പ്രവർത്തനം രാത്രി ഏഴരവരെ ക്രമീകരിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കുന്നത് ഏഴരവരെ നിജപ്പെടുത്തി. പാഴ്സൽ കൊടുക്കുന്ന നടപടികൾ രാത്രി ഒമ്പത് വരെ തുടരാം. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ രാത്രി ഒമ്പത് വരെ ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏഴരക്ക് ഭക്ഷണം വിളമ്പുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി രാത്രികാല കർഫ്യുവിനോട് സഹകരിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അവശ്യ സർവിസുകളെ രാത്രികാല കർഫ്യു ബാധിക്കില്ല.
മരുന്ന്, പാല് തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകാം. നോമ്പ് സമയത്തെ സാധാരണ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാളാണ് സഞ്ചരിക്കുന്നതെങ്കിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യമായി കൂട്ടംകൂടുകയോ പുറത്തിറങ്ങുകയോ ചെയ്താൽ കർശനനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.