അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കോതമംഗലം, ഊന്നുകൽ പൊലീസ്; കാപ്പ ചുമത്തുന്നതും പരിഗണനയിൽ
text_fieldsകൊച്ചി: വിവിധ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കോതമംഗലം, ഊന്നുകൽ പൊലീസുകൾ കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിലവിൽ തലശേരി കോടതിയിൽ 14 ദിവസത്തെ റിമാൻഡിലാണ് ഇയാൾ കഴിയുന്നത്. കസ്റ്റഡി കാലാവധി സംബന്ധിച്ച് കോടതി തീരുമാനമെടുത്ത ശേഷം, ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ എറണാകുളം ജില്ലയിലേക്ക് കൊണ്ടുവരും. കസ്റ്റഡി കാലാവധി അവസാനിച്ചാൽ തിരികെ കണ്ണൂരിലെത്തിക്കുകയും വേണം.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൊലീസ് ഊർജിതമാക്കി. ആയങ്കിക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ വളപട്ടണം പൊലീസായിരിക്കും ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ആവശ്യപ്പെട്ടാൽ കൈമാറാൻ സന്നദ്ധമാണെന്ന് എറണാകുളം റൂറൽ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും പൊലീസിനെതിരെയുള്ള പുതിയ ഭീഷണികളും കണിലെടുത്താണ് ഈ കടുത്ത നടപടി. കാപ്പ ചുമത്തുന്നതോടെ ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ വെക്കാനോ ചില ജില്ലകളിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്താനോ പൊലീസിന് സാധിക്കും. ഇതിനിടയിൽ, ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്താനായി കണ്ണൂർ സൈബർ പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തി.
ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് കഴിഞ്ഞ ദിവസം കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തരമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളും ഭീഷണിയും മുഴക്കിയെന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റും റിമാൻഡും. കോതമംഗലം, ഊന്നുകൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ഈ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ കണ്ണൂരിലെത്തിയിരുന്നു.
കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ തിങ്കളാഴ്ച തള്ളിയിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ഗൗരവമേറിയ കേസമാണിതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി ഉത്തരവ്. ഈ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് മറ്റൊരു കേസും നിലവിലുണ്ട്. കൂടാതെ, മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഭീഷണി ഉൾപ്പെടെയുള്ള വകുപ്പുകൾ ഇതിനകം ചുമത്തിയിട്ടുള്ളതിനാൽ കൂടുതൽ വകുപ്പുകൾ ചേർക്കാൻ സാധ്യത കുറവാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
2014 മുതൽ വളപട്ടണം പൊലീസ് സ്റ്റേഷനിലെ 12 കേസുകൾ ഉൾപ്പെടെ 23ഓളം ക്രിമിനൽ കേസുകളാണ് അർജുൻ ആയങ്കിയുടെ പേരിലുള്ളത്. വധശ്രമം, മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണം, കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

