യുവതിയെ ശല്യം ചെയ്ത പൊലിസുകാരന് സസ്പെന്ഷൻ
text_fieldsപത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്തെന്ന കേസില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്ഷന്. അടൂര്‍ പോലീസ് സ്റ്റേഷനിലെ സുനില്‍ നാരായണനെയാണ് സസ്പെന്‍ഡ് ചെയ്തത്.
2022 നവംബറിൽ സുനില്‍ തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നപ്പോൾ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോണ്‍ നമ്പറിൽ സുനില്‍ തുടര്‍ച്ചയായി സന്ദേശം അയച്ചതായാണ് പരാതി. ഇതൊരു ശല്യമായി മാറിയതോടെയാണ് യുവതി പരാതി നല്‍കിയത്. പരാതിക്കാരി ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ട് ഡി.ജി.പി, ഡി.ഐ.ജി എന്നിവര്‍ക്ക് അയച്ചു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് എ.എസ്.ഐ മിത്ര മുരളി യുവതിയുടെ താമസ സ്ഥലത്ത് ചെന്ന് മൊഴി എടുക്കുകയായിരുന്നു. യുവതി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സുനിലിനെ സസ്പെന്‍ഡ് ചെയ്തത്.
അതിനിടെ, പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനത്തിൽ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തായി . ഇക്കാര്യം വ്യക്തമാക്കി 2024 സെപ്റ്റംബറിൽ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന അനിൽകാന്തിന് വേണ്ടി എ.ഡി.ജി.പി എസ്. ശ്രീജിത്ത് തയാറാക്കി ജില്ല പൊലീസ് മേധാവിമാർക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്തായത്.
പീച്ചി സ്റ്റേഷൻ മർദനവുമായി ബന്ധപ്പെട്ട് എസ്.എച്ച്. ഒ രതീഷ് പരാതികാരെ കൈകൊണ്ട് അടിച്ചതിന്റെയും ഹോട്ടൽ ജീവനക്കാരെ സ്റ്റേഷൻ സെല്ലിൽ കയറ്റി നിറുത്തിയതിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് നിയമനടപടി സ്വീകരിക്കാനാവുമെന്നും ഇത് സമൂഹമാധ്യമങ്ങളിലടക്കം സേനയുടെ പ്രതിച്ഛായക്ക് തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്കയും സർക്കുലറിൽ കാണാം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്നും സർക്കുലറിൽ പരാമർശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.