എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ പൊലീസുകാരന്റെ വിരൽ അറ്റു
text_fieldsതിരുവനന്തപുരം: ഇയർഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കേരള സാങ്കേതിക സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തിനിടെ പൊലീസുകാരന്റെ കൈവിരൽ അറ്റു. എ.ആർ ക്യാമ്പിലെ സി.പി.ഒ അച്ചുവിന്റെ വലതുകയ്യിലെ മോതിരവിരലാണ് അറ്റുപോയത്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ കൂട്ടത്തോടെ എത്തി ബാരിക്കേഡ് മറിച്ചിട്ട് അകത്തു കയറുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. ഇയർഔട്ട് സംവിധാനം സാങ്കേതിക സർവകലാശാലകൾ നിർത്തലാക്കണം എന്ന ആവശ്യവുമായിട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തിയത്. സമാധാനപരമായി തുടങ്ങിയ സമരം പിന്നീട് വലിയ സംഘർഷത്തിലേക്ക് മാറി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി. ബാരിക്കേഡ് തള്ളിയിട്ടുകൊണ്ട് സർവ്വകലാശാലയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച കടന്നു. ഈ സമയത്താണ് ബാരിക്കേഡിനുള്ളിൽ പൊലീസുകാരന്റെ കൈ വിരൽ കുരുങ്ങിയത്. വലതുകൈയ്യിലെ മോതിരവിരലിന്റ അഗ്രഭാഗം അറ്റു പോവുകയായിരുന്നു. ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പൊലീസുകാരെ ആക്രമിച്ച ആരെയും വെറുതെ വിടില്ലെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘ഇപ്പോൾ തുടങ്ങിയിട്ടല്ലേ ഉള്ളൂ. കൈയല്ലേ പോയിട്ടുള്ളൂ. ഇനി എന്തെല്ലാം പോകുമെന്ന് ആർക്കറിയാം. 10 വർഷം അധികാരത്തിൽ ഇരുന്ന ആളുകളാണെന്നുള്ള കാര്യം അവർ ഓർക്കണം. പൊലീസുകാരെ ആക്രമിക്കുന്ന ആളുകളെ ആരെയും വെറുതെ വിടില്ല. ഒരു സംശയവും ആകാര്യത്തിൽ വേണ്ട. പൊലീസ് സ്റ്റേഷൻ ആക്രമിക്കുക, പ്രതിയെ മോചിപ്പിക്കുക, പൊലീസുകാരെ ആക്രമിക്കുക എന്നിവയൊന്നും ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകും’ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

