‘കേരള’യിൽ രാഷ്ട്രീയ വിലക്ക്; എതിർപ്പുമായി പ്രതിപക്ഷ നേതാവും ഇടതുസിൻഡിക്കേറ്റംഗങ്ങളും
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം വിലക്കി മാർഗരേഖ. കലാലയരാഷ്ട്രീയത്തിന് തടയിടാനുള്ള നീക്കമെന്നാരോപിച്ച് മാർഗരേഖക്കെതിരെ പ്രതിപക്ഷ നേതാവും ഇടതുസിൻഡിക്കേറ്റംഗങ്ങളും രംഗത്തെത്തി. അതേസമയം ഹൈകോടതി നിർദേശത്തെതുടർന്നാണ് നടപടിയെന്നും മാർഗരേഖ അന്തിമമാക്കിയിട്ടില്ലെന്നും സർവകലാശാല അധികൃതർ പ്രതികരിച്ചു.
കാമ്പസിൽ രാഷ്ട്രീയപ്രചാരണം നടത്തരുത്, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തരുത്, രാഷ്ട്രീയപ്രവർത്തനത്തിനായി ഒത്തുചേരൽ അനുവദിക്കില്ല, രാഷ്ട്രീയപാർട്ടികളുടെ പണിമുടക്കിൽ കാമ്പസുകൾ ഭാഗമാവരുത്, ധർണ, ഘരാവോ, തടസ്സപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തരുത് തുടങ്ങി ഒമ്പത് നിബന്ധനകളാണ് മാർഗരേഖയിലുള്ളത്. നിബന്ധനകൾ ലംഘിച്ചാൽ ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവുമായി കണക്കാക്കും. അച്ചടക്ക നടപടി സ്വീകരിക്കാൻ പ്രിൻസിപ്പലിനോ വകുപ്പ് മേധാവിക്കോ വൈസ് ചാൻസലർക്കോ അധികാരം ഉണ്ടായിരിക്കും. കാമ്പസിൽ നാശനഷ്ടങ്ങൾ സംഭവിച്ചാൽ ഉത്തരവാദികളായ വിദ്യാർഥികൾക്ക് പിഴ ചുമത്തുമെന്നും മാർഗരേഖയിൽ പറയുന്നു.
2018ൽ മഹാരാജാസ് കോളജിൽ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ കാമ്പസ് രാഷ്ട്രീയത്തിലെ അക്രമ സ്വഭാവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പൊതുതാൽപര്യ ഹരജികൾ ഹൈക്കോടതിയിൽ വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കലാലയങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ നിയന്ത്രിക്കുന്നതിന് വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകൾ ഉൾപ്പെടെ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റുകൾക്ക് നിർദേശം നൽകി.
സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾക്ക് മാതൃകയാക്കാവുന്ന കൃത്യമായൊരു രൂപരേഖയായി 2005ലെ എം.ജി. സർവകലാശാലയുടെ പെരുമാറ്റച്ചട്ടം കോടതി ചൂണ്ടിക്കാട്ടി. ഇത് അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങളോടെയോ അല്ലാതെയോ മറ്റ് സർവകലാശാലകൾക്കും ചട്ടങ്ങൾ രൂപീകരിക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ ചുവടുപടിച്ചാണ് കേരളയും മാർഗരേഖ കൊണ്ടുവന്നിരിക്കുന്നത്.
പ്രാഥമിക കരട് മാത്രം -മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയത്തെ ശ്വാസം മുട്ടിക്കാനോ നിരോധിക്കാനോ ഉള്ള ഒരു നീക്കത്തിനും ഉന്നത വിദ്യാഭ്യാസ വകുപ്പും സർക്കാറും കൂട്ടുനിൽക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പ്രാരംഭ ചർച്ചകൾക്കായി ഉദ്യോഗസ്ഥ തലത്തിൽ തയാറാക്കിയ പ്രാഥമിക കരട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. വിഷയത്തിൽ സർവകലാശാലയോ സിൻഡിക്കേറ്റോ അന്തിമ തീരുമാനം എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

