എസ്.ഐ.ആർ: ജനങ്ങളുടെ പൗരത്വംവെച്ച് കളിക്കരുതെന്ന മുന്നറിയിപ്പ് കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്.ഐ.ആർ നടപടികളിലെ അനാവശ്യ ധൃതിയും ആശയക്കുഴപ്പവും ചൂണ്ടിക്കാട്ടിയും ജനങ്ങളുടെ പൗരത്വംവെച്ച് കളിക്കരുതെന്ന മുന്നറിയിപ്പ് കടുപ്പിച്ചും രാഷ്ട്രീയ പാർട്ടികൾ. എന്യൂമറേഷൻ മൂന്നാഴ്ച പിന്നിട്ടിട്ടും ഫോം പൂരിപ്പിക്കുന്നതിൽ മുതൽ വിവരങ്ങളുടെ ഡിജിറ്റൈസേഷനിൽ വരെ നിലനിൽക്കുന്ന അവ്യക്തതകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ച യോഗത്തിൽ പാർട്ടി പ്രതിനിധികളുടെ വിമർശനം. പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നതിൽ ബി.ജെ.പി പ്രതിനിധികളടക്കം യോജിച്ചതോടെ വിവരശേഖരണത്തിന്റെയും കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെയും സമയപരിധി നീട്ടണമെന്നായി യോഗത്തിന്റെ പൊതുവികാരം. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ മറുപടിക്ക് തയാറാകാതിരുന്ന സി.ഇ.ഒ, പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അർഹരായ എല്ലാവരും പട്ടികയിൽ ഉൾപ്പെടണമെന്നാണ് നിലപാടെന്നും വ്യക്തമാക്കി.
എന്യൂമറേഷന് ഡിസംബർ നാലുവരെ സമയമുണ്ടായിരിക്കെ നവംബർ 23നകം ഫോം നൽകണമെന്നും 26ന് മുമ്പ് ഡിജിറ്റൈസേഷൻ പൂർത്തിയാക്കണമെന്നും കലക്ടർമാർ ശാഠ്യം പിടിക്കുന്നതിൽ ചോദ്യങ്ങളുയർന്നു. എന്തിനാണ് ആളുകളെ പേടിപ്പിക്കുന്നതെന്നും ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. മുഹമ്മദ് ഷാ ചോദിച്ചു. വിജ്ഞാപന പ്രകാരം തിയതി പ്രഖ്യാപിച്ചാൽ അത് മാറ്റാൻ ഒരാൾക്കും അധികാരമില്ല. അധികസമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ലഭ്യമായ സമയം അനുവദിക്കില്ലെന്നാണ് ചിലരുടെ ശാഠ്യം. എസ്.ഐ.ആർ മാറ്റിവെക്കണമെന്ന കേസ് 26ന് കോടതി പരിഗണിക്കാനിരിക്കെ ‘ഇവിടെ 80 ശതമാനവും കഴിഞ്ഞു’ എന്ന് കോടതിയിൽ പറയാനാണോ ഈ ധൃതി. രാഷ്ട്രീയക്കാരെയും ബി.എൽ.ഒമാരെയും ജനങ്ങളെയും പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് കമീഷനെന്ന് അദ്ദേഹം പറഞ്ഞു.
‘ബന്ധു’വിൽ ആശയക്കുഴപ്പം
ഫോമിലെ രണ്ടാം കോളത്തിൽ നൽകിയ ബന്ധു എന്നതിൽ ആശയക്കുഴപ്പം തുടരുകയാണെന്ന് സി.പി.എം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു. സഹോദരങ്ങളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താത്തതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിതാവ്, മാതാവ്, മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ മാത്രമേ ആപിൽ ബന്ധുവിന്റെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുള്ളൂവെന്ന് സി.ഇ.ഒ വിശദീകരിച്ചു. മറ്റ് പ്രതിനിധികളും ഇക്കാര്യത്തെ വിമർശിച്ചു.
തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ഭരണഘടന സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷനെന്നും അതിനെ നിയന്ത്രിക്കാൻ ആർക്കും അധികാരമില്ലെന്നും എം.വിജയകുമാർ പറഞ്ഞു. കമീഷൻ ഇപ്പോൾ ആരുടെയൊക്കെയോ ചട്ടുകമായെന്ന് സംശയമുണ്ടെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയപാർട്ടികൾ പറയുന്നത് എന്തുകൊണ്ടാണ് മുഖവിലക്കെടുക്കാത്തതെന്ന് കേരള കോൺഗ്രസ് പ്രതിനിധി മാത്യു ജോർജ് ചോദിച്ചു. ആവശ്യങ്ങളെല്ലാം കേൾക്കും. അവസാനം യോഗം അവസാനിപ്പിക്കും. ഇതെല്ലാം സുതാര്യമാണെന്ന ധാരണ കമീഷന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവ്യക്തത വ്യാപകം
തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടുചോദിക്കാൻ വീടുകളിലെത്തുമ്പോൾ ഫോം കിട്ടിയില്ലെന്നാണ് ആളുകൾ പറയുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും രണ്ടും രണ്ടാണെന്ന് ധാരണയില്ലാത്തവർക്കിടയിലാണ് വോട്ടർ പട്ടിക തീവ്ര പരിഷ്കരണം നടത്തുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാന പട്ടികയിൽ ഉള്ളതുകൊണ്ട് താൻ കേന്ദ്രപട്ടികയിലുമുണ്ടെന്നാണ് ചിലരുടെ ധാരണ. ഒരു ബോധവത്കരണവും ഇക്കാര്യത്തിലില്ല. ഫോം കൊടുക്കലും തിരികെ വാങ്ങലുമല്ലാതെ വോട്ടർമാരെ ബോധവത്കരിക്കുന്ന ഒരു നടപടിയും കമീഷന്റെ ഭാഗത്തുണ്ടായില്ലെന്ന വിമർശനവും യോഗത്തിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

