പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: അന്വേഷണ കമീഷൻ റിപ്പോർട്ടിൽ ജില്ല ഭരണകൂടം പ്രതിക്കൂട്ടിൽ
text_fieldsതിരുവനന്തപുരം: നൂറിലധികം പേരുടെ മരണത്തിന് കാരണമായ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ജില്ല പൊലീസ് മേധാവിയെയും കലക്ടറെയും പ്രതിക്കൂട്ടിലാക്കി ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എസ്. േഗാപിനാഥൻ കമീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവം അന്വേഷിച്ച പൊലീസ് ക്രൈംബ്രാഞ്ചിെൻറ ഭാഗത്ത് നിന്നുണ്ടായ പാളിച്ചകളും തുറന്നുകാട്ടുന്നതാണ് റിപ്പോർട്ട്.
വെടിക്കെട്ട് ദുരന്തത്തിന് അന്നത്തെ ജില്ല പൊലീസ് മേധാവി പി.പ്രകാശ്,കലക്ടർ പി.എ. ഷൈനമോൾ, എ.ഡി.എം ഷാജഹാൻ എന്നിവർ ഒരുപോലെ ഉത്തരവാദികളാണെന്നാണ് കണ്ടെത്തൽ. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കലക്ടർ നടപടികൾ വൈകിപ്പിച്ചത് വെടിക്കെട്ട് നടത്താനുള്ള അനൗപചാരിക അനുമതിയായി ക്ഷേത്രം ഭാരവാഹികൾ കണക്കാക്കിയെന്നും പൊലീസുമായുള്ള ഏകോപനത്തിൽ കലക്ടർ പൂർണമായും പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിെൻറ ഗൗരവം മനസ്സിലാക്കി കർശന നടപടിയെടുക്കുന്നതിൽ വീഴ്ച പറ്റിയെന്നും യാന്ത്രികമായാണ് കലക്ടർ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചതെന്നും കമീഷൻ ചൂണ്ടിക്കാട്ടുന്നു. ലൈസൻസ് ഇല്ലാതെ വെടിക്കെട്ട് നടത്താൻ എ.ഡി.എം നിശ്ശബ്ദാനുമതി നൽകിയെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.
അനുമതിയില്ലാത്ത വെടിക്കെട്ട് തടയുന്നതിൽ പൊലീസിനും പാളിച്ച സംഭവിച്ചു. 75 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും അമ്പതിലേറെപേരും സ്ഥലത്തുണ്ടായിരുന്നില്ല.
ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ സിറ്റി പൊലീസ് കമീഷനർക്കും വീഴ്ച പറ്റി. വെടിക്കെട്ട് നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലിനായി 2007ൽ ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലർ ജില്ല പൊലീസ് മേധാവി അടക്കം കാറ്റിൽ പറത്തി. ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷ എ.ഡി.എം ആദ്യം നിരസിച്ചിരുന്നുവെങ്കിലും സ്ഥലം എം.പിയായിരുന്ന എൻ. പീതാംബരക്കുറുപ്പിെൻറ ഇടപെടലാണ് അനുമതി നൽകുന്നതിന് കാരണമായതെന്നും കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സമർപ്പിച്ച എഫ്.െഎ.ആറിൽ ക്ഷേത്രഭാരവാഹികളെയും വെടിക്കെട്ട് കരാറുകാരെയും മാത്രം പ്രതിയാക്കി ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കുകയായിരുന്നു. ആ സ്ഥാനത്താണ് ജില്ല ഭരണകൂടത്തിെൻറ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ അക്കമിട്ട് അേന്വഷണ കമീഷൻ നിരത്തിയിട്ടുള്ളത്. 2016 ഏപ്രില്‍ പത്തിനാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്നത്. 110 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇപ്പോഴും പലരും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.