പൊള്ളുന്ന ജീവിതാനുഭവങ്ങളും വേദനിപ്പിക്കുന്ന സംഭവങ്ങളും പ്രേക്ഷകരുമായി സംവദിച്ച് പൊറാട്ടും അഭയയും
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ നാലാം ദിനവും പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാടകോത്സവത്തിന്റെ നാലാം ദിനം രണ്ട് നാടകങ്ങളാണ് അരങ്ങിലെത്തിയത്. നാഷണൽ ഇന്റർ യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം നേടിയ നാടകമായ അഭയയാണ് നാലാം ദിനം പ്രേക്ഷകർക്ക് മുന്നിലെത്തിയ ആദ്യ നാടകം.

കേരള സർവകലാശാലയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് അഡ്വ. ശ്രീകുമാർ ആണ്. കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർക്കുണ്ടായ ദുരനുഭവത്തിന്റെ നേർസാക്ഷ്യമാണ് അഭയ പ്രേക്ഷകരുമായി പങ്കു വച്ചത്.
കേരള സംഗീത നാടക അക്കാദമി അമേറ്റർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകം, മികച്ച രണ്ടാമത്തെ നാടകകൃത്ത്, മികച്ച രണ്ടാമത്തെ സംവിധായകൻ, മികച്ച രണ്ടാമത്തെ നടൻ എന്നീ സംസ്ഥാനപുരസ്‌കാരങ്ങൾ നേടിയ നാടകമായ പൊറാട്ട് ആണ് പിന്നീട് അരങ്ങിലെത്തിയത്.

ജീവിതം പിന്നാമ്പുറത്ത് ഒതുക്കി വച്ച് ചമയമണിഞ്ഞ് നിറഞ്ഞ ചിരിയോടെ പൊറാട്ട് നാടകം ആടുന്ന കുട്ടനാശാന്റെയും സംഘത്തിന്റെയും വേദനകൾ നമ്മുടെയും വേദനയാക്കി പൊറാട്ട് മാറ്റി. നിഖിൽദാസ് സംവിധാനം ചെയ്ത നാടകം അരങ്ങിൽ എത്തിച്ചത് തൃശൂർ പഞ്ചമി തിയേറ്റർസാണ്.

സംസ്കാര നിർമിതിയിൽ നാടകത്തിന്റെ പങ്ക് എന്ന വിഷയത്തിൽ നാടക പ്രവർത്തകയും നാടക് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജെ. ശൈലജ ജല നടത്തിയ പ്രഭാഷണം നാടകോത്സവത്തിന്റെ പ്രധാന ആകർഷണമായി മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.