'പറഞ്ഞവർ തന്നെ നിയമനടപടികൾ നേരിടണം, പാർട്ടിക്കൊന്നും പറയാനില്ല'; ജി. സുധാകരനെ തള്ളി എം.വി. ഗോവിന്ദനും കെ.വി. ദേവദാസും
text_fieldsതിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ സി.പി.എം തിരുത്തിയിട്ടുണ്ടെന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രസ്താവനയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനാധിപത്യം അട്ടിമറിക്കാൻ സി.പി.എം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും സുധാകരനെപ്പോലുള്ള നേതാക്കൾ കാര്യങ്ങൾ പറയുമ്പോൾ കുറച്ച്കൂടി ശ്രദ്ധിക്കണമായിരുന്നെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ പ്രസ്താവന സുധാകരൻ പിന്നീട് തിരുത്തി പറഞ്ഞിട്ടുണ്ട്. പ്രസ്താവനക്കെതിരെ പൊലീസ് കേസെടുത്തെങ്കിൽ കേസെടുക്കട്ടെ. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒന്നും പറയാനില്ല. പറഞ്ഞവർ തന്നെ നിയമനടപടികൾ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടികൾക്ക് സുധാകരന് പാർട്ടി പിന്തുണ ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിയമനടപടികൾക്ക് എന്തിനാണ് പാർട്ടി പിന്തുണ എന്നതായിരുന്നു ഗോവിന്ദന്റെ മറുപടി.
1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന ജി. സുധാകരന്റെ പ്രസംഗം കേട്ടത് അത്ഭുതത്തോടെയാണെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്നത്തെ സി.പി.എം സ്ഥാനാർഥി കെ.വി. ദേവദാസ് പറഞ്ഞു. അന്നത്തെക്കാലത്ത് സർവിസ് സംഘടനകൾ തന്റെ ഇടംവലം കൈകളായിരുന്നു. അതിനാൽ തനിക്കെതിരെ സർവിസ് സംഘടനാംഗങ്ങൾ വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.