550 രൂപ ‘ഔട്ട്’, 1550 രൂപ ‘ഇൻ’; പി.പി.ഇ കിറ്റ് കരാറിൽ തീരുമാനമെടുത്തത് ഒരേ ദിവസം; നിര്‍ണായക രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: പി.പി.ഇ കിറ്റ് അഴിമതി വിവാദത്തിൽ നിയമസഭയിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 550 രൂപക്ക് കിറ്റ് നല്‍കിയ കമ്പനിയെ ഒഴിവാക്കിയതും 1550 രൂപക്ക് സാന്‍ ഫാര്‍മയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചതും ഒരേ ദിവസമാണെന്ന് പ്രതിപക്ഷ നേതാവ് രേഖകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടി.
2020 മാർച്ച് എട്ടിന് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ‘അനിത ടെക്‌സിക്കോട്ട്’ എന്ന കമ്പനിക്ക് 25000 പി.പി.ഇ കിറ്റുകള്‍ 550 രൂപക്ക് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇ -മെയില്‍ അയച്ചു. അതേദിവസം വൈകീട്ട് 5.55ന് ചർച്ച നടത്തിയപ്പോൾ ‘അനിത ടെക്‌സിക്കോട്ട്’ 550 രൂപ കുറക്കാന്‍ തയാറായില്ലെന്നും അതുകൊണ്ട് അവരില്‍ നിന്നും പതിനായിരം കിറ്റ് മാത്രമേ വാങ്ങുന്നുള്ളൂവെന്നും ഫയലിൽ രേഖപ്പെടുത്തി. അതേദിവസം വൈകീട്ട് 7.48ന് ‘സാന്‍ ഫാര്‍മ’ എന്ന സ്ഥാപനത്തിന് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മെയില്‍ അയച്ച് 1550 രൂപ നിരക്കില്‍ അവരുടെ പി.പി.ഇ കിറ്റ് വാങ്ങാന്‍ തയാറാണെന്ന് അറിയിച്ചു.
15000 കിറ്റുകള്‍ വാങ്ങാന്‍ അവര്‍ക്ക് മുഴുവൻ തുക മുൻകൂറായി നല്‍കുകയും ചെയ്തു. 550 രൂപയിൽ നിന്ന് നിരക്ക് കുറക്കാന്‍ ഒരു കമ്പനി തയാറായില്ലെന്ന് പറഞ്ഞവരാണ് 1550 രൂപക്ക് മറ്റൊരു കമ്പനിയില്‍ നിന്നും പി.പി.ഇ കിറ്റ് വാങ്ങിയതെന്ന് സതീശൻ പറഞ്ഞു.
കോവിഡ് കാലത്ത് കൊള്ള നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തത്. രാസമാറ്റം സംഭവിച്ച് ജീവഹാനിവരെ ഉണ്ടാക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ 20 ശതമാനം വിലക്ക് വാങ്ങി 80 ശതമാനം കമീഷനായി കൈപ്പറ്റി. 14 കമ്പനികളുടെ ഒരു മരുന്നുപോലും പരിശോധിച്ചിട്ടില്ല. എന്തൊരു കൊള്ളയാണ് കോവിഡ് കാലത്ത് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സർക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ആവര്‍ത്തന വിരസതയും നയമില്ലായ്മയുമുണ്ട്. എന്തു പ്രഖ്യാപിച്ചാലും നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കേരളം. സമീപകാലത്തൊന്നും കരകയറാന്‍ പറ്റാത്ത രൂക്ഷമായ കടക്കെണിയിലേക്കാണ് സംസ്ഥാനം ആഴ്ന്നിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.