പ്രവീൺ റാണക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം
text_fieldsതൃശൂർ: തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പ്രവീണ്‍ റാണക്ക് ഉന്നത പൊലീസുദ്യോഗസ്ഥരുമായി അടുത്ത ബന്ധം. പ്രവീണ്‍ നായകനായ സിനിമ സംവിധാനം ചെയ്തത് റൂറല്‍ എ.എസ്.ഐ സാന്റോ അന്തിക്കാടാണ്. പ്രവീണ്‍ റാണ തട്ടിപ്പുകാരനാണെന്ന് തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് നിലനിൽക്കെയാണ് സാന്റോ സിനിമ സംവിധാനത്തിന് തയാറായത്.
പൊലീസിലെ നിരവധി പേര്‍ക്ക് പ്രവീണുമായി ബന്ധമുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വിരമിച്ച പലരും ഇപ്പോള്‍ പ്രവീണിന്റെ ജീവനക്കാരാണ്. സി.ഐ റാങ്കിൽ വിരമിച്ച രാജന്‍, മറ്റൊരു എസ്.ഐ എന്നിവര്‍ ഉള്‍പ്പെടെ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോപണമുയർന്നതിനെ തുടർന്ന് സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് പ്രവീണുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നിലനിൽക്കെയായിരുന്നു റൂറല്‍ പൊലീസ് ഗ്രൂപ് മേധാവിയായ സാന്റോ പ്രവീണുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. റിപ്പോർട്ടിനെ തുടർന്ന് സാന്റോയെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്ന് വലപ്പാട് പൊലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയതൊഴിച്ചാൽ തുടര്‍നടപടികളൊന്നുമുണ്ടായില്ല.
സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ ചെയര്‍മാനാണ് ഡോ. പ്രവീണ്‍ റാണ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ കെ.പി. പ്രവീൺ വന്‍ പലിശ വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 25ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിലായി ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്.
പ്രവീണിന്റെ സ്ഥാപനങ്ങളിലും വെളുത്തൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തിയതിൽ നിക്ഷേപകരുമായി ബന്ധപ്പെട്ട ഇടപാട് രേഖകൾ കണ്ടെടുത്തിട്ടുണ്ട്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 15 കേസുകളുണ്ട്. ഒരുലക്ഷം മുതൽ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികളിലുള്ളത്.
നാല് വർഷം കൊണ്ട് തട്ടിയത് 100 കോടി
സേഫ് ആൻഡ് സ്ട്രോങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ചും പ്രവീൺ റാണ നാലുവർഷം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.