മോർച്ചറിയിൽ സൂക്ഷിച്ച ഗർഭിണിയുടെ മൃതദേഹം കാന്‍റീൻ ജീവനക്കാരനെ അടക്കം കാണിച്ചു; സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: മോർച്ചറിയിൽ ഇൻക്വസ്റ്റ് നടത്താനായി സൂക്ഷിച്ചിരുന്ന നാലുമാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം കാന്‍റീൻ ജീവനക്കാരനെ അടക്കം കാണിച്ച സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ. നെടുമങ്ങാട് ജില്ല ആശുപത്രിയിലെ താൽകാലിക ജീവനക്കാരൻ സുരേഷ് കുമാറിനെയാണ് സൂപ്രണ്ടന്‍റ് സസ്പെൻഡ് ചെയ്തത്.
ജോലിയിൽ നിന്ന് 15 ദിവസം സസ്പെൻഡ് ചെയ്ത സൂപ്രണ്ടന്‍റ് സുരക്ഷാ ജീവനക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാർ.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കരിപ്പൂർ സ്വദേശിനിയായ 28കാരി ഭർതൃഗൃഹത്തിൽ മരിച്ചത്. തുടർന്ന് ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ ഇൻക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ മൃതദേഹമാണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാർ കാന്‍റീൻ നടത്തിപ്പുകാരനും ബന്ധുക്കൾക്കും കാണിച്ചു കൊടുത്തത്.
നഴ്സിങ് സ്റ്റാഫിനാണ് മോർച്ചറിയുടെ താക്കോൽ സൂക്ഷിക്കാൻ ചുമതല. എന്നാൽ, തന്‍റെ അറിവോടെയല്ല സുരക്ഷാ ജീവനക്കാരൻ താക്കോൽ എടുത്തതെന്നാണ് നഴ്സിങ് സ്റ്റാഫ് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.