സബ്സിഡി സാധനങ്ങളുടെ വില വർധന: പഠിക്കാൻ മൂന്നംഗസമിതി
text_fieldsതിരുവനന്തപുരം: സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ മൂന്നംഗ സമിതിയെ ഭക്ഷ്യവകുപ്പ് ചുമതലപ്പെടുത്തി. ഭക്ഷ്യ സെക്രട്ടറി കെ. അജിത് കുമാർ, സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, പ്ലാനിങ് ബോർഡ് അംഗം ഡോ. കെ. രവി രാമൻ എന്നിവരടങ്ങിയ സമിതിക്കാണ് ചുമതല. വില വർധനയുടെ ഭാരം ജനങ്ങൾക്ക് കൂടുതൽ അനുഭവപ്പെടാതിരിക്കാൻ സബ്സിഡി സാധനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും സാധനങ്ങളുടെ അളവ് പുനഃക്രമീകരിക്കുന്നത് സംബന്ധിച്ചും പരിശോധിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി.
ഓണക്കാലത്ത് നൽകിയതുപോലെ നോൺ സബ്സിഡി സാധനങ്ങൾക്ക് കോംബോ ഓഫറുകളും പരിഗണിക്കാവുന്നതാണെന്നും ഇത്തരത്തിൽ അളവിലും വിലയിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുകൊണ്ടുള്ള റിപ്പോർട്ടാണ് പ്രതീക്ഷിക്കുന്നതെന്നും സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമനെ മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കിൽ 20-30 ശതമാനം വിലകുറച്ച് ഫ്രീ സെയിൽ സബ്സിഡി നിരക്കിൽ നൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടേണ്ടിവരുമെന്ന് സപ്ലൈകോ സി.എം.ഡി യോഗത്തിൽ അറിയിച്ചു. 15 ദിവസത്തിനകം ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഭക്ഷ്യവകുപ്പിന് സമിതി കൈമാറും. മന്ത്രിസഭ റിപ്പോർട്ട് അംഗീകരിക്കുന്ന മുറക്കായിരിക്കും വില വർധന നിലവിൽ വരിക.
13 ഇന സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന മുദ്രാവാക്യവുമായാണ് 2016ലും 2021ലും ഇടത് സർക്കാർ അധികാരത്തിലേറിയത്. 2016ലെ വിലയ്ക്ക് തന്നെയാണ് ഇപ്പോഴും സാധനങ്ങൾ കാർഡ് ഉടമകൾക്ക് സപ്ലൈകോ നൽകുന്നത്. സാധനങ്ങൾ നൽകിയ വകയിൽ 1525 കോടി രൂപയാണ് സംസ്ഥാന സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്.
വിതരണക്കാർക്ക് സാധനങ്ങൾ നൽകിയ വകയിൽ 600 കോടി കുടിശ്ശികയുണ്ട്. കുടിശ്ശിക തീർക്കാതെ ഇനി സാധനങ്ങൾ നൽകില്ലെന്ന നിലപാടിലേക്ക് വിതരണക്കാരും കമ്പനികളും എത്തിയതോടെയാണ് ഏഴ് വർഷത്തിന് ശേഷം 13 ഇന സാധനങ്ങൾക്ക് വിലവർധിപ്പിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് യോഗം സർക്കാറിന് അനുമതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.